കൊച്ചി: മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ വിവാഹ ആരോപണം പ്രചരിപ്പിച്ചെന്ന കേസിൽ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിൻ പോലീസിന്റെ ചോദ്യം ചെയ്യലിനായി ഹാജരായി. മുൻപ് പോലീസ് നൽകിയ ആദ്യ നോട്ടീസിൽ അദ്ദേഹം ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.
കഴിഞ്ഞ തിങ്കളാഴ്ച നേരിട്ടെത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആന്റോ അഗസ്റ്റിൻ സമയം നീട്ടി ചോദിക്കുകയാണുണ്ടായത്. ഈ മാസം അഞ്ചാം തീയതിക്ക് ശേഷം ഹാജരാകാമെന്ന് അദ്ദേഹം അറിയിച്ചെങ്കിലും, ഇന്നുതന്നെ നേരിട്ട് ഹാജരാകണമെന്ന കർശന നിലപാടിൽ പോലീസ് ഉറച്ചുനിന്നു. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ കോടതിയിൽ പ്രത്യേക റിപ്പോർട്ട് നൽകുമെന്ന പോലീസിന്റെ താക്കീതിനെത്തുടർന്നാണ് റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്ററായ ആന്റോ അഗസ്റ്റിൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയത്.
മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവാഹ ആരോപണം ഉന്നയിച്ച കേസിലെ മുഖ്യപ്രതിയാണ് ആന്റോ അഗസ്റ്റിൻ. ഇതുമായി ബന്ധപ്പെട്ട രേഖകൾ നൽകിയെന്ന് പറയപ്പെടുന്ന വ്യക്തികൾ ആരാണെന്നതടക്കമുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ഇനിയും കണ്ടെത്തേണ്ടതുണ്ട്. കേസിന്റെ എഫ്ഐആറിൽ രണ്ടും മൂന്നും പ്രതികളെപ്പറ്റി അജ്ഞാതരെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോൺഗ്രസ് നേതാവായ രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.





