മലപ്പുറം: മന്ത്രി കെ.എം. ഷാജിയുടെ ആഡംബര കാർ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലിം ലീഗ് നേതൃത്വം താക്കീത് നൽകിയെന്ന റിപ്പോർട്ടർ വാർത്ത ശരിവെച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വിഷയത്തെ പാർട്ടി അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളിൽ ഉയർന്നുവന്ന വാർത്തകളും പ്രചാരണങ്ങളും പാർട്ടി കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിമാർക്ക് അപ്പപ്പോഴുള്ള നിർദ്ദേശങ്ങൾ പാർട്ടി നൽകാറുണ്ട്. മുസ്ലിം ലീഗിൽ മുൻപുതന്നെ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും പുതുതായി ഇപ്പോൾ പ്രത്യേകമായി ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കേണ്ട സാഹചര്യമില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
മുസ്ലിം ലീഗ് മുൻപും ഭരണത്തിന്റെ ഭാഗമായിട്ടുണ്ടെന്നും അപ്പോഴെല്ലാം വളരെ ജാഗ്രതയോടെയാണ് പാർട്ടിയുടെ മന്ത്രിമാർ കാര്യങ്ങൾ നിർവഹിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അത് തന്നെയാണ് ലീഗിന്റെ പ്രവർത്തനരീതി. ഈ സമീപനത്തോടെയാണ് പാർട്ടി മുന്നോട്ടുപോകുന്നത്. ജനപ്രതിനിധികൾക്ക് മുൻപ് തന്നെ ഇക്കാര്യത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എവിടെയെങ്കിലും വീഴ്ചകൾ സംഭവിച്ചതായി ശ്രദ്ധയിൽപ്പെട്ട ഘട്ടങ്ങളിലെല്ലാം പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്നും അവർ വിശദീകരണം ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കെതിരെയുള്ള സ്പോൺസർ വിവാദത്തിലും സാദിഖലി തങ്ങൾ നിലപാട് വ്യക്തമാക്കി. യുഡിഎഫ് സർക്കാരിന്റെ ഏക സ്പോൺസർ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളാണ്. ആ ജനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സ്പോൺസർഷിപ്പും യുഡിഎഫിന് ഉണ്ടാകില്ലെന്നും ബാക്കിയുള്ളതെല്ലാം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഐക്യത്തോടെയും ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയുമാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളുടെ നിജസ്ഥിതി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകും. വിമർശനങ്ങൾ ജനാധിപത്യത്തിൽ സ്വാഭാവികമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
മന്ത്രി കെ.എം. ഷാജി റേഞ്ച് റോവർ കാർ ഉപയോഗിച്ച നടപടിയിൽ മുസ്ലിം ലീഗ് നേതൃത്വം നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മന്ത്രിക്ക് വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും ഒഴിവാക്കാമായിരുന്ന ഒരു വിവാദമായിരുന്നു ഇതെന്നുമായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തൽ. വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിയിട്ട ഫേസ്ബുക്ക് പോസ്റ്റ് ബാലിശമായിപ്പോയെന്നും ആക്ഷേപമുയർന്നു. മന്ത്രിമാരുടെ വിദേശയാത്രകൾ പാർട്ടിയെ മുൻകൂട്ടി അറിയിച്ചില്ലെന്ന പരാതിയും മുൻപ് എൽഡിഎഫ് സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ തിരിച്ചടിയാകുന്നുവെന്ന ആശങ്കയും നേതൃത്വം പങ്കുവെച്ചിരുന്നു. അഹങ്കാരം, ധൂർത്ത്, ആഡംബരം തുടങ്ങിയ ആരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.





