കൊല്ലം: പത്തനാപുരത്ത് കാർ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിന് തീപിടിച്ചതിനെത്തുടർന്ന് വീട് പൂർണ്ണമായും കത്തിനശിച്ചു. മഞ്ചള്ളൂർ തിരുവോണം വീട്ടിൽ മോഹൻ കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് അഗ്നിക്കിരയായത്.
രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. റോഡ് പണികൾക്കായി എത്തിയ തൊഴിലാളികൾ വാടകയ്ക്ക് കഴിഞ്ഞിരുന്ന വീടാണിത്. കാർ പോർച്ചിൽ കന്നാസുകളിൽ ഡീസൽ സൂക്ഷിച്ചിരുന്നതാണ് തീ അതിവേഗം ആളിപ്പടരാനും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാനും കാരണമായത്. ഈ സമയം വീട്ടിലുണ്ടായിരുന്ന കോന്നി സ്വദേശി അനിൽ കുമാർ അത്ഭുതകരമായാണ് തീയിൽ നിന്ന് രക്ഷപ്പെട്ടത്. സ്കൂട്ടറിന് തീപിടിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഫയർഫോഴ്സും പോലീസും പ്രദേശവാസികളും ചേർന്ന് തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.
സ്കൂട്ടറിൽ തീ ഉയർന്നയുടൻ സമീപവാസികൾ സ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും തീജ്വാലകൾ ശക്തമായിരുന്നതിനാൽ ആർക്കും വീടിനകത്തേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. വീടിന്റെ മുൻവശത്തെ ഗേറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് തീ ആളിപ്പടർന്ന നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.





