കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിന് അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകി. നാളെ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകണമെന്നാണ് പോലീസിന്റെ കർശന നിർദ്ദേശം. ഒക്ടോബർ 15-ന് ശേഷം ഹാജരാകാൻ സമയം അനുവദിക്കണമെന്ന ആന്റോ അഗസ്റ്റിന്റെ ആവശ്യം പോലീസ് നിരസിച്ചു.
നാളെ ചോദ്യം ചെയ്യലിന് എത്തിച്ചേർന്നില്ലെങ്കിൽ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ കേസിൽ രണ്ടാം തവണയാണ് ആന്റോ അഗസ്റ്റിന് പോലീസ് നോട്ടീസ് അയക്കുന്നത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തീർപ്പാക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി ആന്റോ അഗസ്റ്റിൻ വിട്ടുനിൽക്കുകയാണുണ്ടായത്. തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ രണ്ടാമതും നോട്ടീസ് നൽകിയത്.
രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ചാനലിലെ ഒരു റിപ്പോർട്ടറെ കേസിൽ മുൻപ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് തുടർനടപടികൾക്കായി കളമശേരി പോലീസിന് കൈമാറുകയായിരുന്നു. കളമശേരി പോലീസ് പരാതിക്കാരനായ രാജു പി. നായരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് തുടർനടപടികളിലേക്ക് കടന്നത്.
പത്തനംതിട്ടയിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ്, മുഖ്യമന്ത്രി രണ്ടാമതൊരു വിവാഹം കൂടി കഴിച്ചെന്ന തരത്തിലുള്ള വാർത്ത തനിക്ക് മുന്നിലെത്തിയതായി ആന്റോ അഗസ്റ്റിൻ വെളിപ്പെടുത്തിയത്. വ്യാജരേഖകളുമായി ആന്റോ അഗസ്റ്റിനെ ബന്ധപ്പെട്ടത് ആരാണെന്നും, ഇത് ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണോ എന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് അന്വേഷണത്തിലൂടെ പുറത്തുവരേണ്ടത്. മുഖ്യമന്ത്രിക്കെതിരെയുള്ള ഈ ആരോപണം സാധൂകരിക്കുന്ന രേഖകൾ തന്റെ പക്കലുണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിൻ പരസ്യമായി അവകാശപ്പെട്ടിരുന്നത്.





