കൊച്ചി: മുണ്ടംവേലിയിലെ പി ആൻഡ് ടി ഫ്ലാറ്റിലെ കുടുംബങ്ങൾക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരാമർശം പിൻവലിക്കുകയാണെന്ന് മുൻ എംഎൽഎ കെ.ജെ. മാക്സി . തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് തിരിച്ചെടുക്കുന്നു. തന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് പറഞ്ഞതുകൊണ്ട് ഭയപ്പെടാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, കെട്ടിടസമുച്ചയത്തിലെ ദയനീയമായ അവസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് ഫ്ലാറ്റ് നിവാസികൾ. മുൻ എംഎൽഎയുടെ ആക്ഷേപ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ന് അദ്ദേഹത്തിന്റെ വസതിയിലേക്ക് താമസക്കാർ മാർച്ച് സംഘടിപ്പിക്കും.
ഫ്ലാറ്റ് നിർമ്മാണത്തിലുണ്ടായ തകരാറുകളും പോരായ്മകളും തീർക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്ന് കെ.ജെ. മാക്സി ചൂണ്ടിക്കാട്ടി. എൽഡിഎഫിനെ പഴിചാരാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കാണാനായത്; അതിന് മറുപടി നൽകുക മാത്രമാണ് താൻ ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു. സ്വന്തം ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി താമസക്കാർ ഇപ്പോൾ സർക്കാരിന്റെ പക്ഷം പിടിച്ചതാകാം, അതിൽ താൻ അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച സംഭവിച്ചതെന്ന് കൃത്യമായി അന്വേഷിക്കണമെന്ന് കെ.ജെ. മാക്സി ആവശ്യപ്പെട്ടു. ഫ്ലാറ്റിലെ പ്രതിസന്ധി പരിഹരിക്കാനാണ് മുഖ്യമന്ത്രി മുൻകൈയെടുക്കേണ്ടത്; അല്ലാതെ കെട്ടിടം ഇടിച്ചുനിരത്തുമെന്ന് ഭീഷണിപ്പെടുത്തി ജനങ്ങളെ അവഹേളിക്കുകയല്ല വേണ്ടത്. പൊളിച്ചുനീക്കുമെന്ന് പറയുന്നത് ശുദ്ധ രാഷ്ട്രീയമാണ്, അതിനെതിരെയാണ് താൻ ശബ്ദമുയർത്തിയത്. നിർമ്മാണത്തിലെ പിഴവുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഒരുപക്ഷേ ഫ്ലാറ്റ് പൊളിച്ചുനീക്കുകയാണെങ്കിൽ താമസക്കാർക്ക് പകരം പാർപ്പിട സൗകര്യമൊരുക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





