കൊച്ചി: കിറ്റെക്സ് ഗ്രൂപ്പ് ബാങ്ക് വായ്പ തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി അടിസ്ഥാനരഹിതമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ്. തെലങ്കാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു തുണ്ട് ഭൂമി പോലും ബാങ്കിൽ പണയപ്പെടുത്തിയിട്ടില്ലെന്നും കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള വസ്തുവകകളാണ് വായ്പയ്ക്കായി നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. 90 വർഷത്തേക്ക് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിക്ക് 3,000 കോടി രൂപ മതിപ്പുവില രേഖപ്പെടുത്തി 2,000 കോടി രൂപയുടെ ലോൺ തട്ടിയെടുത്ത് വൻ കുംഭകോണം നടത്തിയെന്ന പേരിലാണ് തനിക്കെതിരെ വ്യാജ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്.
തെലങ്കാന സർക്കാരിൽ നിന്നും 187.2 ഏക്കർ ഭൂമി വാങ്ങുകയാണ് ചെയ്തത്. ഇതിന്റെ പൂർണ്ണ തുകയായ 38 കോടി രൂപ സർക്കാരിലേക്ക് അടയ്ക്കുകയും പ്രസ്തുത സ്ഥലം കിറ്റെക്സിന്റെ സ്വന്തം പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്യുകയുമാണുണ്ടായത്. അത്തരത്തിൽ സ്വന്തം ഉടമസ്ഥതയിലുള്ള വസ്തു ബാങ്കുകൾക്ക് ഈടായി നൽകുന്നതിൽ എന്ത് നിയമവിരുദ്ധതയാണുള്ളതെന്ന് അദ്ദേഹം ആരാഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) നിന്ന് 900 കോടി രൂപ വായ്പയെടുത്തുവെന്നാണ് ഉയർത്തുന്ന മറ്റൊരു ആക്ഷേപം. എന്നാൽ ബാങ്ക് തന്നെ ഈ ആരോപണം പൂർണ്ണമായി നിഷേധിച്ചിട്ടുണ്ട്. അവിടെനിന്ന് ഒരു രൂപ പോലും വായ്പയായി സ്വീകരിച്ചിട്ടില്ല. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു ചാനൽ വ്യാജ രേഖകൾ ചമച്ച് കേസുണ്ടാക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ നാല് വർഷമായി തെലങ്കാനയിലെ യൂണിറ്റ് ലാഭത്തിലല്ല എന്നാണ് ആക്ഷേപം ഉന്നയിക്കുന്നത്; കഴിഞ്ഞ വർഷം മാത്രം ഉൽപ്പാദനം തുടങ്ങിയ ഒരു പ്ലാന്റിൽ എങ്ങനെയാണ് മുൻകാല ലാഭം രേഖപ്പെടുത്താൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ ഉയർന്നിട്ടുള്ള പരാതികൾ എസ്ഐടിയോ സിബിഐയോ അന്വേഷിക്കട്ടെ, ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ്. അല്ലെങ്കിൽ ബാങ്കിനെതിരെ ഹൈക്കോടതിയെ സമീപിച്ച് റിട്ട് ഹർജി നൽകട്ടെ. ആരോപണങ്ങൾ തെളിയിക്കപ്പെട്ടില്ലെങ്കിൽ വാർത്ത നൽകിയവർ തലമുണ്ഡനം ചെയ്യാൻ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ചാനൽ പ്രവർത്തനം അവസാനിപ്പിച്ച്, തെറ്റായ വാർത്തകൾ ചമച്ചതിന് കേരളത്തിലെ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് ചോദിക്കാൻ സാബു എം. ജേക്കബ് വെല്ലുവിളിച്ചു.
ബിഎസ്ഇ, സെബി എന്നിവയുടെ കർശന അനുമതികളോടെയാണ് കിറ്റെക്സ് ലിമിറ്റഡ് പ്രവർത്തിക്കുന്നത്. വ്യാജ വാർത്ത നൽകിയതിന് റിപ്പോർട്ടർ ചാനലിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും. ചാനലിന്റെ മാനേജിങ് എഡിറ്ററായ ആന്റോ അഗസ്റ്റിനെതിരെയുള്ള സുപ്രധാന തെളിവുകൾ വരുന്ന തിങ്കളാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ പുറത്തുവിടുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.





