കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി പ്രക്ഷോഭം നയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഗ്യാനേഷ് കുമാർ കൊടും യൂദാസാണെന്നും ഒന്നാം നമ്പർ കുറ്റവാളിയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. രാജ്യത്തെ പൂർണ്ണമായി വിറ്റുതുലയ്ക്കാനുള്ള മൊത്തക്കച്ചവടം ഏറ്റെടുത്ത ആളായി അദ്ദേഹം അധഃപതിച്ചിരിക്കുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഇന്ത്യൻ ജനാധിപത്യത്തിൽ വൻ ഭൂകമ്പമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. മുഴുവൻ സമയവും ചർച്ച ചെയ്യപ്പെടേണ്ട ഏറ്റവും ഗൗരവമേറിയ വിഷയമാണിതെന്നും അദ്ദേഹം ചോദിച്ചു. നാട്ടിൽ ജനാധിപത്യം തന്നെ അവശേഷിക്കുന്നില്ലെങ്കിൽ പിന്നെ മറ്റെന്തൊക്കെ ഉണ്ടായിട്ട് എന്ത് പ്രയോജനമാണുള്ളത്? ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങി പ്രതികരിക്കേണ്ട വിഷയമാണിത്; പ്രതികരിച്ചേ മതിയാകൂ. നിലവിലെ ഭരണകൂടം തികച്ചും നിയമവിരുദ്ധമായ ഒന്നാണെന്നും അദ്ദേഹം തുറന്നടിച്ചു. 2014-ൽ വോട്ട് ചോർത്തി പ്രധാനമന്ത്രി കസേരയിലെത്തിയ വ്യക്തിയാണ് നരേന്ദ്ര മോദി.
വോട്ട് തട്ടിപ്പുകൾക്കും ജനാധിപത്യ ധ്വംസനങ്ങൾക്കും മുന്നിൽനിന്ന് ചരടുവലികൾ നടത്തിയത് അമിത് ഷായാണ്. ജനാധിപത്യ മൂല്യങ്ങളെ എക്കാലവും നെഞ്ചിലേറ്റുന്ന കേരളത്തിന്റെ മണ്ണിലേക്ക് അമിത് ഷാ കാലുകുത്തുമ്പോൾ, ജനാധിപത്യത്തെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തോട് ഇവിടുത്തെ ജനങ്ങൾ ചോദിക്കണം. ഒടുവിൽ നീതിപീഠത്തിന് മുൻപാകെ അവർക്ക് തലകുനിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വോട്ടർപട്ടികയുടെ സമ്പൂർണ്ണ നിയന്ത്രണം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിന്റെ പക്കലാണുള്ളത്. ഇഷ്ടമുള്ളവരെ പട്ടികയിൽ തിരുകിക്കയറ്റാനും അല്ലാത്തവരെ വെട്ടിനിരത്താനും അദ്ദേഹത്തിന് സാധിക്കും; അങ്ങനെയെങ്കിൽ എന്തിനാണ് നാട്ടിൽ പ്രഹസനമായി ഇനിയൊരു തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.





