Malayali Media
Kerala

മാസപ്പടി കേസ്: എഫ്ഐആർ ആവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ; പ്രാഥമിക പരിശോധനയുടെ ആവശ്യമില്ലെന്ന് ഇഡി

26 Sept 20262 views 3 min read
മാസപ്പടി കേസ്: എഫ്ഐആർ ആവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ; പ്രാഥമിക പരിശോധനയുടെ ആവശ്യമില്ലെന്ന് ഇഡി
Advertisement

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി പ്രാഥമിക അന്വേഷണത്തിന്റെ യാതൊരു ആവശ്യവുമില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മറ്റൊരു അന്വേഷണ ഏജൻസി കൃത്യമായ വിവരങ്ങൾ ലഭ്യമാക്കിയിട്ടുള്ള സാഹചര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നും, നേരിട്ട് പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്യാനാണ്  സുപ്രീംകോടതി നിർദേശിക്കുന്നത് എന്ന് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇഡി നൽകിയ കത്തിൻമേൽ എഫ്ഐആർ ഇടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഇഡി നിലപാട് അറിയിച്ചത്. എന്നാൽ ഈ ഹർജിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. വിശദമായ വാദം കേൾക്കുന്നതിനായി കേസ് മാറ്റിവെച്ച കോടതി, ഇഡി നൽകിയ കത്ത് മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ നിർദ്ദേശം നൽകി.

എസ്എഫ്ഐഒ തയ്യാറാക്കിയ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) ഇസിഐആർ രജിസ്റ്റർ ചെയ്തതെന്ന് ഇഡി കോടതിയെ ധരിപ്പിച്ചു. ഈ അന്വേഷണത്തിലൂടെ വെളിപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഡിജിപിക്ക് കത്ത് കൈമാറിയതെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഇഡി അറിയിച്ചു. അതേസമയം, പ്രാഥമിക പരിശോധന നടത്തുന്നത് ക്രൈംബ്രാഞ്ചാണെന്നിരിക്കെ പിന്നെന്തിനാണ് വിഷയത്തിൽ വിജിലൻസ് ഇടപെടുന്നതെന്ന് ഹർജിക്കാരൻ കോടതിയിൽ ആരാഞ്ഞു.

എന്നാൽ, ഈ ഹർജി പൊതുതാൽപ്പര്യം മുൻനിർത്തിയുള്ളതല്ലെന്നും ഇതിനുപിന്നിൽ മറ്റുചില പ്രത്യേക താല്പര്യങ്ങൾ പ്രകടമാണെന്നും സർക്കാർ വാദിച്ചു. ചട്ടം 66/2 അനുസരിച്ച് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ തുടർനടപടികളിൽ തീരുമാനമെടുക്കാൻ സാധിക്കൂ എന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ലളിതകുമാരി വേഴ്സസ് സ്റ്റേറ്റ് ഓഫ് ഇന്ത്യ കേസിലെ സുപ്രീം കോടതി മാർഗ്ഗനിർദ്ദേശം അതാണെന്നും സർക്കാർ വിശദീകരിച്ചു.

Advertisement

Comments

Add a Comment

Our Channels

മാസപ്പടി കേസ്: എഫ്ഐആർ ആവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് സംസ്ഥാന സർക്കാർ; പ്രാഥമിക പരിശോധനയുടെ ആവശ്യമില്ലെന്ന് ഇഡി | Malayali Media