തിരുവല്ല: ഇടിഞ്ഞില്ലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതമുണ്ടായി വീട്ടമ്മ മരണപ്പെട്ട സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായെന്ന ആരോപണവുമായി കുടുംബം രംഗത്ത്. കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ സ്വദേശി വിദ്യ വി.ജി (45) ആണ് മരണപ്പെട്ടത്. എന്നാൽ ചികിത്സയിൽ യാതൊരുവിധ അപാകതകളും സംഭവിച്ചിട്ടില്ലെന്നാണ് മെഡ് ലോഞ്ചസ് ക്ലിനിക്ക് മാനേജ്‌മെന്റിന്റെ നിലപാട്.
ശരീരത്തിലെ അമിത കൊഴുപ്പ് മാറ്റുന്നതിനായി ഈ മാസം 16-നാണ് വിദ്യ ഇടിഞ്ഞില്ലത്തെ മെഡ് ലോഞ്ചസ് ക്ലിനിക്കിൽ എത്തിയത്. ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുന്നോടിയായി ഇവർക്ക് അനസ്തേഷ്യ നൽകിയിരുന്നു. എന്നാൽ സർജറിക്കിടെ ഇവർക്ക് ഹൃദയാഘാതമുണ്ടാവുകയും തുടർന്ന് അടിയന്തരമായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണത്തിൽ കഴിഞ്ഞിരുന്ന വിദ്യ ഇന്നലെ രാത്രിയോടെയാണ് ജീവൻ വെടിഞ്ഞത്. അനസ്തേഷ്യ നൽകിയതിലുണ്ടായ പാകപ്പിഴകളും തുടർന്ന് ലഭ്യമാക്കേണ്ട വിദഗ്ദ്ധ ചികിത്സ വൈകിയതുമാണ് മരണത്തിന് ഇടയാക്കിയതെന്ന് വിദ്യയുടെ മക്കൾ ആരോപിച്ചു.
അതേസമയം, ചികിത്സാരീതികളിൽ വീഴ്ചകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് മെഡ് ലോഞ്ചസ് ക്ലിനിക്ക് അധികൃതർ ആവർത്തിച്ചു. സംഭവത്തിൽ തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണപ്പെട്ടയാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് ലൈപോസെക്ഷൻ നടത്തിയ ക്ലിനിക്കിനെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് വ്യക്തമാക്കി.





