തൃശൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനൊപ്പം (ഇ.ഡി) ചേർന്ന് നീങ്ങുന്ന സതീശൻ സർക്കാർ, ബി.ജെ.പി ശക്തിപ്പെടുകയും എൽ.ഡി.എഫ് ദുർബലപ്പെടുകയും ചെയ്താൽ തങ്ങൾക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന വ്യാമോഹത്തിലാണെന്ന് ഡോ. തോമസ് ഐസക്. മുഖ്യമന്ത്രി സ്വന്തമായി ചാർട്ടേഡ് വിമാനത്തിൽ സഞ്ചരിക്കുന്നു, ആഭ്യന്തര മന്ത്രി അമേരിക്കൻ പര്യടനം നടത്തുന്നു; ഇതിന്റെയൊക്കെ ചെലവുകൾ ആരാണ് വഹിച്ചതെന്നും ആരൊക്കെയാണ് ഇവ സ്പോൺസർ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം കാര്യങ്ങൾക്ക് അനുമതി നൽകിയ നടപടികൾ സമഗ്രമായി പരിശോധിക്കപ്പെടണം.
ഈ വിഷയങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാതിരിക്കുന്നത് ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. പിണറായി വിജയനെതിരായ ഇ.ഡി നടപടികളിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് വിവേചനാധികാരമുണ്ട്. ഇ.ഡി എന്നത് ബി.ജെ.പിയുടെ വെറുമൊരു രാഷ്ട്രീയ ആയുധം മാത്രമാണെന്ന് മുൻപ് കോൺഗ്രസ് തന്നെ വാദിച്ചിരുന്നതാണ്. എന്നാൽ കേരളത്തിൽ ഇപ്പോൾ കോൺഗ്രസ് - ബി.ജെ.പി ഒത്തുകളിയാണ് നടക്കുന്നത്. ബി.ജെ.പിക്ക് വളർച്ചയുണ്ടായാലും കുഴപ്പമില്ല, എൽ.ഡി.എഫ് ക്ഷീണിച്ചാൽ മാത്രം മതിയെന്ന സങ്കുചിത രാഷ്ട്രീയ ചിന്താഗതിയാണ് നിലവിലുള്ളതെന്നും തോമസ് ഐസക് വിമർശിച്ചു.
അതീവ സങ്കുചിതമായ രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. ലോക കേരള സഭ പിരിച്ചുവിടുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തോടും അദ്ദേഹം ശക്തമായി പ്രതികരിച്ചു. എന്ത് ധൂർത്താണ് ആ വേദിയുടെ പേരിൽ നടന്നതെന്ന് വ്യക്തമാക്കണം. ആകെ രണ്ട് കോടി രൂപയുടെ ചെലവിനെയാണ് വൻ ധൂർത്തായി ചിലർ പെരുപ്പിച്ചു കാട്ടുന്നത്. പ്രതിപക്ഷത്തിരുന്ന കാലത്ത് രാഷ്ട്രീയമായി പലതും വിളിച്ചുപറഞ്ഞിട്ടുണ്ടാകാം; എന്നാൽ അതിന്റെ പേരിൽ ഒരു നാടിന് ഉപകാരപ്രദമായ നല്ല പദ്ധതികളെ എങ്ങനെയാണ് ഇല്ലാതാക്കാൻ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.





