തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെട്ട പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ നിരസിച്ച വിജിലൻസ് നടപടിയിൽ ദുരൂഹതയുണ്ടെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് ആരോപിച്ചു. കേസ് അവസാനിപ്പിച്ചതായും വി.ഡി. സതീശന് ക്ലീൻ ചിറ്റ് അനുവദിച്ചതായും ആഭ്യന്തര മന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ വിവരാവകാശ രേഖകൾ തേടി സമർപ്പിച്ച അപേക്ഷയ്ക്ക്, റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്നും നടപടികൾ പൂർത്തിയായിട്ടില്ലെന്നുമാണ് വിജിലൻസ് ഒഴിഞ്ഞുമാറുന്ന മറുപടി നൽകിയത്. കുറ്റവിമുക്തനാക്കിയെങ്കിൽ എന്തുകൊണ്ട് രേഖകൾ പരസ്യപ്പെടുത്തുന്നില്ലെന്നും നടപടികൾ പൂർത്തിയാകാതെ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതെന്നും അദ്ദേഹം ചോദിച്ചു. വിജിലൻസ് രേഖകൾ മൂടിവെക്കുന്നത് ദുരൂഹമാണെന്നും ഫയലുകൾ പുറത്തുവിടാൻ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രിയും തയ്യാറാകണമെന്നും എസ്. സതീഷ് ആവശ്യപ്പെട്ടു.
പുനർജനി കേസിൽ വി.ഡി. സതീശനെതിരെയുള്ള എല്ലാ തുടർനടപടികളും അവസാനിപ്പിച്ചതായും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. സതീശനെതിരെ തെളിവുകളൊന്നുമില്ലെന്നും മുൻപ് അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയപ്രേരിതമായിട്ടാണെന്നുമായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ യാതൊരു കണ്ടെത്തലുകളും ഉണ്ടായിട്ടില്ലെന്നും സതീശനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. യു.ഡി.എഫ് ഭരണം വന്നതുകൊണ്ടല്ല ഈ നടപടിയെന്നും, മറിച്ച് ആരോപണങ്ങളിൽ വി.ഡി. സതീശന് പങ്കുണ്ടെന്ന് തെളിയിക്കാൻ വിജിലൻസിന് സാധിക്കാത്തതുകൊണ്ടാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
2018-ലെ മഹാപ്രളയത്തിന് പിന്നാലെ വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിൽ പുനരധിവാസത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് 'പുനർജനി, പറവൂരിന് പുതുജീവൻ'. പ്രളയത്തിൽ വീട് തകർന്നവർക്ക് പുതിയ ഭവനങ്ങൾ നിർമ്മിക്കുക, സ്കൂളുകൾ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി, മണപ്പാട്ട് ഫൗണ്ടേഷൻ എന്നീ സംഘടനകളായിരുന്നു പദ്ധതിയുടെ മുഖ്യ പങ്കാളികൾ. എന്നാൽ പദ്ധതിയുടെ മറവിൽ വിദേശത്തുനിന്നടക്കം അനധികൃതമായി ഫണ്ട് സമാഹരിച്ചെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആരോപിച്ച് കാതിക്കുടം ആക്ഷൻ കൗൺസിൽ ഭാരവാഹി ജയ്സൺ പാനിക്കുളങ്ങര വിജിലൻസിന് പരാതി നൽകുകയായിരുന്നു. വി.ഡി. സതീശൻ നേരിട്ട് ഫണ്ട് ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്തായിരുന്നു പരാതി.
കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി കൈപ്പറ്റാതെ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം വിദേശ ഫണ്ട് ശേഖരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്.സി.ആർ.എ) കടുത്ത ലംഘനമാണെന്ന് പരാതിക്കാരൻ ഉന്നയിച്ചിരുന്നു. എം.എൽ.എ എന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ആക്ഷേപങ്ങളെ തുടർന്നാണ് 2023-ൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.





