തൃശൂർ: പാലപ്പള്ളിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിൽ തോട്ടം തൊഴിലാളിയായ സ്ത്രീയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എസ്റ്റേറ്റ് തൊഴിലാളിയായ മഞ്ജുഷ (47) ആണ് തൊഴിലിടത്തിലെ കടുത്ത പീഡനങ്ങളെക്കുറിച്ച് കുറിപ്പെഴുതിവെച്ച ശേഷം എസ്റ്റേറ്റിനുള്ളിൽ തന്നെ ജീവനൊടുക്കിയത്. പ്ലാന്റേഷൻ മാനേജർമാരായ ആൽബിൻ, ബെന്നി, വർഗീസ് എന്നിവർ നിരന്തരമായി ഏൽപ്പിച്ച മാനസിക വിഷമങ്ങളാണ് തന്നെ ഈ കടുംകൈയിലേക്ക് നയിച്ചതെന്ന് മഞ്ജുഷയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ജോലിക്കിടെ അനുവാദം ചോദിച്ച് 15 മിനിറ്റ് നേരത്തേക്ക് വീട്ടിലേക്ക് പോയതിനെത്തുടർന്നാണ് മാനേജർമാർ മാനസിക പീഡനം ആരംഭിച്ചതെന്ന് കുറിപ്പിൽ പരാമർശിക്കുന്നു. ഉദ്യോഗസ്ഥരുടെ അസഭ്യവർഷത്തിനെതിരെ പരാതിപ്പെട്ടതോടെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ട്.
സെപ്റ്റംബർ ഒന്ന് മുതൽ ഫാക്ടറിയിലെ ചുമതലകളിൽ നിന്നും മാറ്റി മഞ്ജുഷയോട് കാടുകയറിയ തോട്ടം മേഖലയിൽ ഫീൽഡ് ജോലിക്ക് പോകാൻ അധികൃതർ നിർദ്ദേശിച്ചതായി കത്തിൽ ആരോപിക്കുന്നു. വിവിധ രോഗങ്ങൾ അലട്ടുന്നതിനാൽ തനിക്ക് അത്തരം ദുർഘടമായ കാട്ടുപ്രദേശത്ത് ജോലി ചെയ്യാൻ കഴിയില്ലായിരുന്നു. പ്രസ്തുത ബുദ്ധിമുട്ട് യൂണിയൻ നേതാക്കൾ വഴി ഉന്നയിക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെല്ലാം ചേർന്ന് തന്നെ നിരന്തരം മാനസികമായി വേട്ടയാടിയെന്നും, ഒടുവിൽ ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലാത്ത അവസ്ഥയിലെത്തിയെന്നുമാണ് കുറിപ്പിൽ ഉള്ളത്.
വാച്ചറായി പ്രവർത്തിച്ചിരുന്ന തന്നെക്കൊണ്ട് പാചകജോലികൾ അടക്കം ചെയ്യിപ്പിച്ചിരുന്നുവെന്നും, തെറിവിളിച്ചതിനെ ചോദ്യം ചെയ്തപ്പോൾ ജോലി ഇല്ലാതാക്കുമെന്ന് ആൽബിൻ ഭീഷണിപ്പെടുത്തിയെന്നും മഞ്ജുഷ കുറ്റപ്പെടുത്തുന്നു. മഞ്ജുഷയുടെ മരണത്തിന് പിന്നാലെ മാനേജ്‌മെന്റിനെതിരെ കുടുംബവും സഹപ്രവർത്തകരായ തൊഴിലാളികളും കടുത്ത പ്രതിഷേധവുമായി മുന്നോട്ടുവന്നു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കാതെ പണിയിൽ പ്രവേശിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് തോട്ടം തൊഴിലാളികൾ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ പ്രയാസം തോന്നുമ്പോഴോ മാനസിക വിഷമങ്ങൾ നേരിടുമ്പോഴോ വിദഗ്ദ്ധോപദേശം തേടുക. സംസ്ഥാന സർക്കാരിന്റെ മാനസികാരോഗ്യ ഹെൽപ്പ്‌ലൈൻ നമ്പറായ 1056-ൽ വിളിച്ച് സഹായം തേടാവുന്നതാണ്.)





