കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ ഇൻ ക്യാമറ (രഹസ്യ) വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ഹർജിയിൽ വിധി പ്രസ്താവിച്ചത്. പരസ്യമായി വിചാരണ നടക്കുന്നത് തങ്ങളുടെ ഭാവിയെ തകർക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നുമായിരുന്നു പ്രതിഭാഗം ഉന്നയിച്ച വാദം.
എന്നാൽ, ഒരു കാരണവശാലും രഹസ്യവിചാരണ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള അവകാശം മാധ്യമപ്രവർത്തകർക്കുണ്ടെന്നും അത് തടയാനാവില്ലെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് വ്യക്തമാക്കി. കോടതിയിൽ കോളേജ് വിദ്യാർത്ഥികൾ എത്തുന്ന സാഹചര്യം ഉണ്ടായാൽത്തന്നെ അവരെ നിയന്ത്രിക്കാൻ പോലീസിന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാമ്യത്തിൽ കഴിയുന്ന പ്രതികളുടെ ചിത്രങ്ങൾ കോടതി പരിസരത്ത് വെച്ച് പകർത്താൻ ശ്രമിച്ചെന്ന വാദം തീർത്തും ബാലിശമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
തുടർന്ന് പ്രതികളുടെ എല്ലാ ആവശ്യങ്ങളും തള്ളിക്കൊണ്ട് കേസിന്റെ വിചാരണ ഒക്ടോബർ 15-ന് ആരംഭിക്കാൻ ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ഉത്തരവിടുകയായിരുന്നു. ആകെ 16 പേരാണ് കേസിലെ പ്രതിപ്പട്ടികയിലുള്ളത്. 2018 ജൂലൈ രണ്ടിന് നടന്ന കൊലപാതകത്തിൽ എട്ട് വർഷങ്ങൾ പിന്നിടുമ്പോഴാണ് ഇപ്പോൾ വിചാരണ നടപടികളിലേക്ക് കടക്കുന്നത്.





