തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി., മുൻ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. അന്വേഷണത്തിന്റെ മേൽനോട്ട ചുമതല സംസ്ഥാന പോലീസ് മേധാവിക്കാണ് നൽകിയിരിക്കുന്നത്. എന്നാൽ ഏത് രീതിയിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാരിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഇക്കാര്യം നിശ്ചയിക്കുകയെന്നും ഡി.ജി.പി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
മാസപ്പടി കേസിൽ ഇ.ഡിയുടെ ശുപാർശയിൽ പരിശോധന നടത്താൻ ഡി.ജി.പിക്ക് നിർദ്ദേശം കൈമാറിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും, അന്വേഷണത്തിന്റെ രീതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന പോലീസ് മേധാവിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാവൂ എന്ന കോടതി വിധിയും നിയമോപദേശവും നിലവിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചായിരിക്കും നടപടികൾ മുന്നോട്ടുപോകുക. മൂവർക്കുമെതിരെ നിലവിൽ പ്രാഥമികാന്വേഷണമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇ.ഡിയുടെ കത്ത് മുൻനിർത്തി എസ്.ഐ.ടിയെ നിയോഗിച്ച് മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചത്. തുടർന്ന് അന്വേഷണ പ്രക്രിയ ആരംഭിക്കാൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകി.





