കൊച്ചി: എക്സൈസ് രജിസ്റ്റർ ചെയ്ത അബ്കാരി കേസിൽ റിപ്പോർട്ടർ ടി.വി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഹർജി പരിഗണിക്കുന്നതിനിടെ, ആന്റോ അഗസ്റ്റിനെതിരെ മുൻപ് ഇത്തരം അബ്കാരി കേസുകൾ എന്തെങ്കിലും നിലവിലുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇല്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് ഉപാധികളോടെ ജാമ്യം നൽകാൻ കോടതി ഉത്തരവിട്ടത്. നേരത്തെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ബത്തേരി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്. തുടർന്ന് ഹൈക്കോടതിയിൽ ഹർജി പരിഗണിച്ചപ്പോൾ സർക്കാരിന്റെ നടപടികൾക്കെതിരെ കോടതി കടുത്ത ചോദ്യങ്ങൾ ഉയർത്തി. ഒരാൾക്കെതിരെ ഒരു ലക്ഷം കേസുകൾ ഉണ്ടെന്ന് വെച്ചാലും ഈ പ്രത്യേക കേസിൽ അറസ്റ്റ് ചെയ്യാൻ സാധിക്കുമോ എന്ന് കോടതി ആരാഞ്ഞു. അനാവശ്യമായി ജയിലിൽ കിടക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അതിന് ആര് ഉത്തരം പറയുമെന്നും കോടതി ചോദിച്ചു. ഇതൊരു അസാധാരണമായ കേസല്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഹൈക്കോടതി മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കിയ കോടതി, സർക്കാരിന്റെ വിശദീകരണം കാത്തുനിൽക്കാതെ തന്നെ ഇടക്കാല ജാമ്യം അനുവദിക്കുമെന്നും വ്യക്തമാക്കി. ഭൂമി കൈമാറ്റ രേഖകൾ പഞ്ചായത്തിന്റെ പക്കൽ കൃത്യമായി ഉണ്ടാകണമെന്നില്ല; സ്വത്ത് കൈമാറ്റ പ്രമാണത്തിനാണ് മുൻഗണനയെന്നും മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ സർട്ടിഫിക്കറ്റിനല്ലെന്നും നിരീക്ഷിച്ചു. ഹർജിക്കൊപ്പം വ്യക്തമായ രേഖകളുള്ളപ്പോൾ സർക്കാരിന്റെ മറുപടിക്ക് കാത്തുനിൽക്കേണ്ടതില്ല. കോടതി ഉത്തരവ് പ്രകാരം കെട്ടിടം മുൻപേ കൈമാറിയതാണെന്നാണ് സർക്കാരിന്റെ മറുപടിയെങ്കിൽ, കഴിഞ്ഞ മൂന്ന് ദിവസം തടവിൽ കഴിഞ്ഞതിന് ആര് ഉത്തരവാദിത്തം പറയുമെന്നും കോടതി ആരാഞ്ഞു. തെളിവുകൾ ഇതിനോടകം ശേഖരിച്ചിട്ടുള്ളതിനാൽ ഉറവിടം കണ്ടെത്താൻ കസ്റ്റഡി ആവശ്യമില്ലെന്നും, ഐ.എം.എഫ്.എൽ കേസുകളിൽ ജാമ്യം നൽകുന്നതാണ് സാധാരണ രീതിയെന്നും കോടതി ഓർമ്മിപ്പിച്ചു. ഇതിനുപുറമെ, സാധാരണ അബ്കാരി കേസിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി നേരിട്ട് ഹാജരായതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു; കേസിൽ സർക്കാരിന് ഇത്രയധികം താല്പര്യം എന്താണെന്നും അബ്കാരി കേസിൽ ഡി.ജി.പി ഹാജരാകുന്നത് ആദ്യത്തെ സംഭവമാണല്ലോ എന്നും കോടതി ആശ്ചര്യപ്പെട്ടു.
അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്.ഐ.ടി) നടത്തിയ പരിശോധനയിലാണ് ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട്ടുവീട്ടിൽ നിന്നും മദ്യം കണ്ടെത്തിയതായി ആരോപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ എക്സൈസ് സംഘം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ, മുൻകൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമാണ് ഈ അറസ്റ്റെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. അർജന്റീന വിഷയത്തിൽ അന്വേഷണത്തിനെന്ന് പറഞ്ഞ് റിപ്പോർട്ടർ ആസ്ഥാനത്തെത്തിയ എസ്.ഐ.ടി സംഘം 21 മണിക്കൂറോളം പരിശോധന നടത്തിയിട്ടും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായിരുന്നില്ല.
തുടർന്ന് പുലർച്ചെ 2.30-ഓടെ പ്രത്യേക അന്വേഷണ സംഘം മടങ്ങാൻ തയാറെടുക്കുന്ന ഘട്ടത്തിലാണ് വയനാട്ടിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥർ റിപ്പോർട്ടർ ഓഫീസിലെത്തുന്നത്. കേസുള്ളതിനാൽ കസ്റ്റഡിയിലെടുക്കണമെന്ന് പറഞ്ഞതല്ലാതെ പ്രസ്തുത സമയത്ത് എഫ്.ഐ.ആറോ മറ്റ് രേഖകളോ ഉദ്യോഗസ്ഥരുടെ പക്കൽ ഉണ്ടായിരുന്നില്ല. രേഖകളൊന്നും നൽകാതെ ഏകദേശം രണ്ടര മണിക്കൂറോളം ആന്റോ അഗസ്റ്റിനെ ഓഫീസിൽ തടഞ്ഞുവെച്ച ശേഷമാണ് പുലർച്ചെ 4.30-ഓടെ എക്സൈസ് സംഘം എഫ്.ഐ.ആർ കൈമാറുകയും അറസ്റ്റ് പൂർത്തിയാക്കുകയും ചെയ്തത്. തുടർന്ന് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെങ്കിലും, കീഴ്ക്കോടതികൾക്ക് ജാമ്യം അനുവദിക്കാൻ പരിമിതികളുള്ള കർശന വകുപ്പുകൾ ചുമത്തിയിരുന്നതിനാൽ കോടതി ജാമ്യം തള്ളുകയായിരുന്നു.





