തിരുവനന്തപുരം: സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിൽ തുടർനടപടിയുമായി സംസ്ഥാന സർക്കാർ. വിഷയത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം കൈമാറി. ഏത് അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും അന്വേഷണത്തിന്റെ സ്വഭാവം എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഡി.ജി.പിക്ക് നൽകിയിട്ടുണ്ട്. ഇ.ഡിയുടെ കത്തിൽ പറയുന്ന ആരോപണങ്ങളാണ് പ്രധാനമായും പരിശോധിക്കുക.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കത്തിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളിലാകും പ്രധാനമായും പരിശോധന നടക്കുക. തുടക്കത്തിൽ ഇതൊരു പ്രാഥമിക അന്വേഷണമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. സി.പി.ഐ.എമ്മിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ രാഷ്ട്രീയ എതിർപ്പുകൾ കൂടി മുൻകൂട്ടി കണ്ടാണ് ഇ.ഡിയുടെ കണ്ടെത്തലുകൾക്ക് തെളിവുണ്ടോയെന്ന് എസ്.ഐ.ടി മുഖേന ആദ്യം വിലയിരുത്താൻ ഒരുങ്ങുന്നത്. എന്നാൽ, അന്വേഷണ നിർദ്ദേശം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഡി.ജി.പി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കിയത്.
സെപ്റ്റംബർ എട്ടിനാണ് സാമ്പത്തിക ഇടപാടുകൾ ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് ഇ.ഡി കത്ത് നൽകിയത്. പിണറായി വിജയൻ, വീണ ടി., മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കടുത്ത ആരോപണങ്ങളാണ് കത്തിൽ ഉന്നയിച്ചിരുന്നത്. വീണ മുഖേന പിണറായി വിജയൻ സി.എം.ആർ.എല്ലിൽ നിന്നും 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് ഇ.ഡിയുടെ പ്രധാന കണ്ടെത്തൽ. ഈ തുക മുഹമ്മദ് റിയാസ് വീണയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ദുബായിലേക്ക് കടത്തിയെന്നും, കൈക്കൂലി വാങ്ങുന്നതിനും അത് വിദേശത്തേക്ക് മാറ്റുന്നതിനും പിതാവായ പിണറായി വിജയനെയും ഭർത്താവായ റിയാസിനെയും വീണ സഹായിച്ചുവെന്നും കത്തിൽ ആരോപിക്കുന്നു.
ഇടപാടുകൾക്ക് എക്സാലോജിക് സൊല്യൂഷൻസിന്റെ വാഹനം ഉപയോഗിച്ചതായും, സി.എം.ആർ.എൽ മാനേജിങ് ഡയറക്ടറാണ് കൈക്കൂലി നൽകിയതെന്നും, കമ്പനിയുടെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാർ ഇതിന് സഹായം നൽകിയെന്നും കത്തിൽ പരാമർശമുണ്ട്. കൂടാതെ, പണം കൈപ്പറ്റുന്നതിലും കൈമാറുന്നതിലും വീണയെയും റിയാസിനെയും സഹായിച്ചത് ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി.പി, നന്ദുലാൽ എം എന്നിവരാണെന്നും പറയുന്നു. ഇ.ഡിയിൽ നിന്ന് കത്ത് ലഭിച്ചതിനെ തുടർന്ന് ഡി.ജി.പി അത് ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിന് കൈമാറുകയും, ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടുകയുമായിരുന്നു.
ഉടൻ എഫ്.ഐ.ആർ ഇടാതെ പ്രാഥമിക അന്വേഷണം നടത്തണമെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. എന്നാൽ, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തക്ക പ്രാഥമിക തെളിവുകൾ ഇ.ഡിയുടെ കത്തിലുണ്ടെന്ന നിലപാടാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി സ്വീകരിച്ചത്. ഈ നിയമോപദേശങ്ങളിലെ വൈരുദ്ധ്യത്തിന്റെ പശ്ചാത്തലത്തിൽ, അന്തിമ നിലപാട് സ്വീകരിക്കുന്നതിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.





