തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ ചാർട്ടേഡ് വിമാനയാത്രയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ കൂടുതൽ ചൂടുപിടിക്കുന്നു. യാത്രയ്ക്കുള്ള ചെലവ് സർക്കാർ വഹിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും, ഇതിന് പണം മുടക്കിയ സ്പോൺസർ ആരാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അത് വെളിപ്പെടുത്താൻ സർക്കാർ ബാധ്യസ്ഥരാണെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. വ്യക്തികളിൽ നിന്ന് ഇത്തരം ആനുകൂല്യങ്ങളും സൗജന്യങ്ങളും കൈപ്പറ്റുന്നത് അഴിമതിയുടെ പരിധിയിൽപ്പെടുന്നതാണെന്നും ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
സർക്കാർ ഖജനാവിന് സാമ്പത്തിക ബാധ്യതയില്ലെന്ന് മാത്രം പറഞ്ഞ് അധികൃതർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. യാതൊരു പ്രതിഫലമോ ലക്ഷ്യമോ ഇല്ലാതെ ആരെങ്കിലും ഇത്തരമൊരു സഹായത്തിന് തയാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ മുസ്ലിം ലീഗ് തങ്ങളുടെ നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷപാതമോ പ്രത്യേക താല്പര്യങ്ങളോ ഇല്ലാതെ ഔദ്യോഗിക പദവി വിനിയോഗിക്കുമെന്നാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാൽ അതിന് കടകവിരുദ്ധമായ നിലപാടുകളാണ് ഇപ്പോൾ ഭരണനേതൃത്വം സ്വീകരിക്കുന്നതെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞു.
ഇപ്പോഴത്തെ ഭരണം സ്പോൺസർഷിപ്പുകളിൽ നിലനിൽക്കുന്ന ഒന്നാണോ എന്ന ചോദ്യവുമായി മുൻ മന്ത്രി പി. രാജീവും രംഗത്തുവന്നു. സംശയകരമായ സാഹചര്യത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ മംഗലാപുരം യാത്ര ചർച്ചയായ ഘട്ടത്തിലും വ്യക്തമായ വിശദീകരണം നൽകാൻ മുഖ്യമന്ത്രി മുതിർന്നില്ല; ഇത് പൊതുസമൂഹത്തിൽ വലിയ തോതിലുള്ള അവിശ്വാസം സൃഷ്ടിക്കും. സ്പോൺസർമാരുടെ പിന്തുണയോടെ മുന്നോട്ടുപോകുന്ന ഒരു ഭരണകൂടമായി ഇത് അധപതിച്ചു. മുൻപ് ഓരോ കാര്യത്തിനും ടെൻഡർ വിളിച്ചിട്ടുണ്ടോ എന്ന് ചോദ്യം ഉന്നയിച്ചവരാണ് ഇവരെന്നും പി. രാജീവ് ഓർമ്മിപ്പിച്ചു. വിമാനയാത്രയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് വല്ല ബിനാമിയുമാണോ എന്ന ചോദ്യമാണ് എം. വിജിൻ ഉന്നയിച്ചത്. ദുരന്തബാധിത മേഖലകളിലേക്ക് സന്ദർശനം നടത്തുമ്പോൾ സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് ഭരണാധികാരികൾ യാത്ര ചെയ്യേണ്ടത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും മന്ത്രിമാരുടെ വിദേശപര്യടനങ്ങൾക്ക് പോലും സ്പോൺസർമാരുടെ നീണ്ട ക്യൂവാണുള്ളതെന്നും വിജിൻ പരിഹസിച്ചു.





