തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ തെക്കൻ മേഖലകളിലും തൊട്ടടുത്ത ദിവസം വടക്കൻ ജില്ലകളിലുമാണ് പ്രധാനമായും ജാഗ്രതാനിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് ഒരു ജില്ലയിലും പ്രത്യേകം മുന്നറിയിപ്പുകളില്ല. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് 24-ാം തീയതി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ ജാഗ്രത ബാധകമായിരിക്കും.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കൂടുതൽ കരുത്താർജ്ജിക്കുന്നതാണ് മഴ കനക്കാൻ ഇടയാക്കുന്നത്. നിലവിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തെ മധ്യകിഴക്കൻ ഉൾക്കടലിനും മുകളിലായി ശക്തിയേറിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി ഇത് മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വെച്ച് തീവ്ര ന്യൂനമർദ്ദമായി (Depression) മാറിയേക്കാം. തുടർന്നുള്ള 24 മണിക്കൂറിൽ മധ്യപടിഞ്ഞാറൻ ഉൾക്കടലിലും സമീപത്തെ വടക്കുപടിഞ്ഞാറൻ ഉൾക്കടലിലുമായി ഇത് അതിതീവ്ര ന്യൂനമർദ്ദമായി (Deep Depression) വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. പിന്നീട് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ തുടർസഞ്ചാരം നടത്തി സെപ്റ്റംബർ 23-ന് പ്രഭാതത്തോടെ വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരപ്രദേശങ്ങൾക്ക് അരികിലെത്താനാണ് സാധ്യത.
ഇതിനുപുറമെ, മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മീതെ സമുദ്രനിരപ്പിൽ നിന്നും 4.5 മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളം, തമിഴ്നാട്, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴിയും തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ന്യൂനമർദ്ദ മേഖലയുമായി ബന്ധപ്പെട്ട് മധ്യ തമിഴ്നാട്ടിലെ ചക്രവാതച്ചുഴിയുടെ കേന്ദ്രത്തിലൂടെയും സമുദ്രനിരപ്പിൽ നിന്ന് 5.8 മുതൽ 7.6 കിലോമീറ്റർ ഉയരത്തിൽ ഒരു ന്യൂനമർദ്ദ പാത്തിയും (Trough) രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ അനന്തരഫലമായി കേരളത്തിൽ സെപ്റ്റംബർ 25 വരെ നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കും.
ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, മഴ സജീവമായി തുടരുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ അയവുവന്നിട്ടില്ല. ഇന്നലെ പലയിടങ്ങളിലും ഒന്നിലധികം തവണ വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യുതി ഉപയോഗത്തിൽ വലിയ കുറവുണ്ടാകാത്തതും 500 മെഗാവാട്ടിന്റെ കുറവ് നേരിടുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ദീർഘകാല കരാർ പ്രകാരം ലഭിക്കേണ്ടിയിരുന്ന 380 മെഗാവാട്ടും സ്വാപ് മാതൃകയിൽ കിട്ടേണ്ടിയിരുന്ന 200 മെഗാവാട്ടും ലഭിക്കാതെ പോയതാണ് തിരിച്ചടിയായത്. വൈദ്യുതി ഉപയോഗം ഉയർന്ന തോതിൽ തുടരുകയാണെങ്കിൽ ഇന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.





