കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട മൈക്രോഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് വിജിലൻസും ഹൈക്കോടതിയെ അറിയിച്ചു. വിചാരണയ്ക്ക് മുൻകൂർ അനുമതി അനിവാര്യമാണെന്ന തങ്ങളുടെ മുൻനിലപാടാണ് വിജിലൻസ് കോടതിയിൽ തിരുത്തിയത്. ഇതോടെ പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹൈക്കോടതി പ്രഖ്യാപിക്കും.
നേരത്തെ, പ്രോസിക്യൂഷൻ നടപടികൾക്ക് മുൻകൂർ അനുമതി ആവശ്യമില്ലെന്ന നിലപാടാണ് പിന്നാക്ക ക്ഷേമ വകുപ്പ് സ്വീകരിച്ചിരുന്നത്. എന്നാൽ വിഷയത്തിൽ സർക്കാർ സംവിധാനങ്ങൾക്കിടയിൽ നിലനിൽക്കുന്ന വൈരുദ്ധ്യം ചൂണ്ടിക്കാട്ടി കോടതി മുൻപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വകുപ്പുകൾ പരസ്പരവിരുദ്ധമായ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിൽ സർക്കാർ പ്ലീഡറോട് കൃത്യമായ നിയമപരമായ നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും വ്യക്തത നൽകാൻ അഭിഭാഷകന് സാധിച്ചില്ല. ഇതിൽ പ്രകോപിതനായ സിംഗിൾ ബെഞ്ച് സർക്കാർ അഭിഭാഷകനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. അഭിഭാഷകൻ കോടതി മുൻപാകെ വലിയ വീഴ്ച വരുത്തിയെന്നും, പ്ലീഡർ തൽസ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും കോടതി പരാമർശിച്ചു. പ്രസ്തുത പ്ലീഡർ എത്രയും പെട്ടെന്ന് പദവി ഒഴിയണമെന്നും മറ്റൊരാളെ പകരം ചുമതലപ്പെടുത്തണമെന്നും കോടതി സർക്കാരിന് നിർദ്ദേശം നൽകി. തുടർന്നാണ് പ്രസ്തുത അഭിഭാഷകനുമായി ഇനി വാദം തുടരേണ്ടതില്ലെന്നും, വെള്ളാപ്പള്ളിയെ വിചാരണ ചെയ്യാൻ ഭരണാനുമതി വേണമോ എന്നതിൽ കോടതി തന്നെ തീർപ്പുകൽപ്പിക്കുമെന്നും ജസ്റ്റിസ് വ്യക്തമാക്കിയത്.
ആറ് വർഷം മുൻപ്, 2020 ജൂൺ 24-നായിരുന്നു എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ കാര്യാലയത്തിൽ കെ.കെ. മഹേശനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കുറഞ്ഞ പലിശയ്ക്ക് നൽകിയ വായ്പകൾ കൈപ്പറ്റി എസ്.എൻ.ഡി.പി ശാഖകൾ അവ അംഗങ്ങൾക്ക് ഉയർന്ന പലിശയ്ക്ക് നൽകിയെന്നതാണ് കേസുകളുടെ അടിസ്ഥാനം. വായ്പ വിതരണം ചെയ്യാതെ പാവപ്പെട്ട സ്ത്രീകളുടെ പേരിൽ വ്യാജരേഖകളുണ്ടാക്കി വൻതുക തട്ടിയെടുത്ത കേസുകളും ഇതിൽ ഉൾപ്പെടുന്നു.
മൈക്രോഫിനാൻസ് പദ്ധതിയുടെ സംസ്ഥാനതല കോർഡിനേറ്ററായിരുന്നതിനാലാണ് കെ.കെ. മഹേശൻ കേസിൽ പ്രതിയായത്. എന്നാൽ ഒന്നാം പ്രതിയായ വെള്ളാപ്പള്ളിയും കൂട്ടാളികളും ചേർന്ന് ഗൂഢാലോചന നടത്തി തന്നെ മാത്രം കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന മനോവിഷമത്തിലാണ് മഹേശൻ ജീവനൊടുക്കിയതെന്നാണ് ഉയർന്നു വന്ന ആരോപണം. ആറ് വർഷം പിന്നിട്ടിട്ടും അന്വേഷണം വഴിമുട്ടിയതോടെ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് വിഷയത്തിൽ കത്തയക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ കത്ത് സമർപ്പിച്ചിരുന്നെങ്കിലും അന്ന് തുടർനടപടികൾ ഉണ്ടായിരുന്നില്ല. പുതിയ ഭരണകൂടം നിലവിൽ വന്നതിന് പിന്നാലെ സുധീരൻ വീണ്ടും സമർപ്പിച്ച നിവേദനമാണ് കേസിന് ഇപ്പോൾ പുനർജീവൻ നൽകിയിരിക്കുന്നത്.





