തിരുവനന്തപുരം:അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (ഐ.ഡി.എസ്.എഫ്.എഫ്.കെ) 31 സിനിമകൾക്ക് പ്രദർശനാനുമതി നൽകാതിരുന്ന നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചു. പ്രദർശനാനുമതി നിഷേധിച്ച സാഹചര്യം ഫെസ്റ്റിവലിന്റെ സുഗമമായ സംഘാടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അക്കാദമി കത്തിൽ ചൂണ്ടിക്കാട്ടുന്നു. മേളയിൽ പങ്കെടുക്കേണ്ട സിനിമാപ്രവർത്തകരും ജൂറി പ്രതിനിധികളും ഇതിനോടകം തന്നെ യാത്രാസൗകര്യങ്ങൾ ഉറപ്പുവരുത്തിക്കഴിഞ്ഞു. കൂടാതെ, അന്താരാഷ്ട്ര വിഭാഗത്തിലെ സിനിമകൾ ലഭ്യമാക്കുന്നതിനായി വിതരണക്കാർക്കുള്ള സ്ക്രീനിംഗ് തുകയും നൽകിയിട്ടുണ്ട്. അതിനാൽ, പ്രദർശനപ്പട്ടികയിൽ ഇടംപിടിച്ച ഈ സിനിമകൾക്ക് സെൻസർ ഇളവ് ലഭ്യമാക്കുന്നതിൽ അനുകൂല തീരുമാനമുണ്ടാകണമെന്നാണ് കത്തിലെ ആവശ്യം.
സെപ്റ്റംബർ 25 മുതൽ 30 വരെയുള്ള തീയതികളിലാണ് മേള നടക്കുന്നത്. ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട 18 സിനിമകൾ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലെ ഒൻപത് സിനിമകൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിൽപ്പെട്ട മൂന്ന് സിനിമകൾ, നേപ്പാൾ പാക്കേജിൽ ഉൾപ്പെട്ട ഒരു സിനിമ എന്നിങ്ങനെ ആകെ 31 ചിത്രങ്ങൾക്കാണ് പ്രദർശനാനുമതി ലഭിക്കാതിരുന്നത്. 'ഗ്ലോബ്' എന്ന മലയാളം ചിത്രവും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം, സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ തീരുമാനം അത്യധികം പ്രതിഷേധാർഹമാണെന്ന് എ.എ. റഹീം എം.പി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കലയെയും സർഗ്ഗാത്മക ചിന്തകളെയും ഭയപ്പെടുന്ന ഒരു ഭരണകൂടത്തിന് മാത്രമേ ഇത്തരത്തിലുള്ള വിലക്കുകൾ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. സമൂഹ യാഥാർത്ഥ്യങ്ങൾ, മനുഷ്യരുടെ അതിജീവന പോരാട്ടങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങൾ, സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററികളെയാണ് കേന്ദ്രം ഭയക്കുന്നത്.
ഇത്തരം ഡോക്യുമെന്ററികൾക്ക് അനുമതി നൽകാതിരുന്നതിലൂടെ കേന്ദ്ര സർക്കാർ എന്താണ് വ്യക്തമാക്കാൻ ശ്രമിക്കുന്നതെന്ന് എ.എ. റഹീം എം.പി ചോദിച്ചു. സിനിമയും കലയും വെറുമൊരു വിനോദോപാധി മാത്രമല്ലെന്നും പ്രതിരോധത്തിനുള്ള ശക്തമായ മാധ്യമമാണെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പുകളെയും ചോദ്യങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തേണ്ടതുണ്ട്. ചലച്ചിത്രോത്സവങ്ങളുടെ സ്വതന്ത്ര നിലനിൽപ്പിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി ഇടതുപക്ഷം നിലയുറപ്പിക്കും. കേന്ദ്രം ഈ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





