തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ വാഹന ഉപയോഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോമും സംസ്ഥാന സെക്രട്ടറി എം. വിജിനും രംഗത്തെത്തി. സ്വന്തം ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ കാർ തെരഞ്ഞെടുക്കേണ്ട സാഹചര്യം ഷാജിക്ക് എന്തുകൊണ്ട് ഉണ്ടായെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് ചിന്താ ജെറോം ചൂണ്ടിക്കാട്ടി. മന്ത്രിസഭയിലെ ഒരംഗത്തിന് യാത്രാസൗകര്യത്തിനായി ഒരു കാറ് പോലും അനുവദിക്കാൻ മുഖ്യമന്ത്രിക്കാകുന്നില്ലേ എന്നും അവർ ചോദിച്ചു.
സർക്കാർ ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് കർശനമായ ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമുണ്ട്. ഇത്തരത്തിൽ വാഹനം ഉപയോഗിക്കാൻ കൃത്യമായ ഭരണാനുമതി ഉത്തരവ് ആവശ്യമാണ്. അത്തരമൊരു ഉത്തരവ് ഈ വിഷയത്തിൽ പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് ചിന്താ ജെറോം ആരാഞ്ഞു. കെ.എം. ഷാജിയുടെ നടപടി വ്യക്തമായ സത്യപ്രതിജ്ഞാ ലംഘനമാണ്. ആരോടും പ്രത്യേക പ്രീതിയോ വിദ്വേഷമോ ഇല്ലാതെ ഭരണം നടത്തുമെന്നാണ് മന്ത്രിമാർ അധികാരമേൽക്കുമ്പോൾ പ്രതിജ്ഞ ചെയ്യുന്നത്. എന്നാൽ ഇവിടെ സൗജന്യമായി ഉപയോഗിക്കാൻ ഒരു മന്ത്രിക്ക് സുഹൃത്ത് ആഡംബര വാഹനം നൽകിയിരിക്കുന്നു. സത്യപ്രതിജ്ഞ കാറ്റിൽപ്പറത്തി, ലഭിച്ച ഔദ്യോഗിക കാർ അറബിക്കടലിലെറിഞ്ഞ് സുഹൃത്തിന്റെ ലക്ഷ്വറി കാറിലാണ് യു.ഡി.എഫ് മന്ത്രിയുടെ സഞ്ചാരം. കേരളത്തിലെ വഴികളിലൂടെ റേഞ്ച് റോവർ മാത്രമേ സഞ്ചരിക്കാവൂ എന്നാണോ അദ്ദേഹം കരുതുന്നത്? മറ്റെന്തെങ്കിലും ചെയ്തുകൊടുത്തതിന്റെ പ്രത്യുപകാരമായിട്ടാണോ ഈ വാഹനം നൽകിയതെന്ന് പരിശോധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
മന്ത്രി നാല് കോടി രൂപ വിലവരുന്ന സ്വകാര്യ കാർ ഉപയോഗിക്കുന്നത് അങ്ങേയറ്റം ദുരൂഹവും നിയമവിരുദ്ധവുമാണെന്ന് എം. വിജിൻ കുറ്റപ്പെടുത്തി. ഈ കാറിന് കൃത്യമായ ലോഗ് ബുക്ക് സൂക്ഷിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. വാഹനം എവിടേക്കാണ് സർവീസ് നടത്തുന്നത്, ഏത് ആവശ്യത്തിനാണ് ഓടിക്കുന്നത് എന്നതിനൊന്നും ഔദ്യോഗിക രേഖകൾ കാണുമോ? ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തമായ നിലപാട് വ്യക്തമാക്കണം. മന്ത്രി ഈ ആഡംബര വാഹനം മാറ്റാൻ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ യാത്ര നേരത്തെ തന്നെ വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. ഈ ആഡംബര കാർ തന്റേതല്ലെന്നും ഒരു സുഹൃത്തിന്റേതാണെന്നുമായിരുന്നു ആരോപണങ്ങളോട് കെ.എം. ഷാജി പ്രതികരിച്ചത്. ഭരണകൂടം നൽകിയത് കാലപ്പഴക്കം ചെന്ന കണ്ടം ചെയ്ത വാഹനമായതിനാലാണ് യാത്രകൾക്കായി സുഹൃത്തിന്റെ കാർ സ്വീകരിച്ചത്. സർക്കാരിന്റെ പൂർണ്ണ അനുമതിയോടെയാണ് കാറിൽ പതിമൂന്നാം നമ്പർ പതിച്ചതെന്നും അദ്ദേഹം മുൻപ് വിശദീകരിച്ചിരുന്നു.





