ഇടുക്കി: റിപ്പോർട്ടർ ടി.വിയുടെ ന്യൂസ് ഡെസ്കിൽ പോലീസ് നടത്തിയ അപ്രതീക്ഷിത പരിശോധനയ്ക്കെതിരെ അതിരൂക്ഷ വിമർശനവുമായി എം.എം. മണി. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ കടന്നുകയറ്റത്തിൽ കടുത്ത വേദനയും അമർഷവും ശക്തമായ പ്രതിഷേധവും അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു വിധത്തിലും ന്യായീകരിക്കാൻ സാധിക്കാത്ത തെറ്റായ നടപടിയാണിതെന്ന് റിപ്പോർട്ടറോട് സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണത്തലവനായ മുഖ്യമന്ത്രി നേരിട്ട് അറിയാതെ റിപ്പോർട്ടർ ചാനൽ ഓഫീസിൽ പോലീസ് ഇത്തരമൊരു പരിശോധന നടത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. വി.ഡി. സതീശൻ ഒന്നാന്തരം പഠിച്ച കള്ളനാണ്. ചിരിച്ചുകൊണ്ട് വൃത്തികേടുകൾ കാട്ടുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. വി.ഡി. സതീശൻ ഭരണം നടത്തുമ്പോൾ ഇതിലും വലിയ കാര്യങ്ങൾ അരങ്ങേറുമെന്നും എം.എം. മണി കുറ്റപ്പെടുത്തി. സതീശനെ അധികാരത്തിലെത്തിക്കാൻ ചില മാധ്യമങ്ങൾ വലിയ തോതിൽ പുകഴ്ത്തലുകൾ നടത്തിയിരുന്നു. മാതൃഭൂമിയോടും മനോരമയോടും തങ്ങളുടെ പാർട്ടിക്ക് രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും ആ സ്ഥാപനങ്ങളിൽ ചെന്ന് ആക്രമണം നടത്താൻ മുതിർന്നിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പ്രധാന ഓഫീസിൽ പോലീസ് സംഘം എത്തിയത്. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെച്ച ഉദ്യോഗസ്ഥർ ടെലിവിഷൻ സംപ്രേഷണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. എ.സി.പി ബിനോയ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം റിപ്പോർട്ടർ ന്യൂസ് റൂമിൽ നടത്തിയത് സമാനതകളില്ലാത്ത ഗുണ്ടായിസമാണെന്നും പോലീസ് സംഘം ഇപ്പോഴും ചാനൽ ആസ്ഥാനത്ത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.





