Malayali Media
Kerala

സി.പി.ഐ.എമ്മിന്റെ തിരുത്തൽ പ്രക്രിയ ജനങ്ങളെ പറ്റിക്കാൻ; റിയാസിന്റെയും അബ്ദുറഹ്മാന്റെയും വസതികളിൽ റെയ്ഡ് നടത്തണമെന്ന് കെ. സുരേന്ദ്രൻ

17 Sept 20261 views 3 min read
സി.പി.ഐ.എമ്മിന്റെ തിരുത്തൽ പ്രക്രിയ ജനങ്ങളെ പറ്റിക്കാൻ; റിയാസിന്റെയും അബ്ദുറഹ്മാന്റെയും വസതികളിൽ റെയ്ഡ് നടത്തണമെന്ന് കെ. സുരേന്ദ്രൻ
Advertisement

തിരുവനന്തപുരം: തെറ്റുകൾ തിരുത്തേണ്ടത് വാചകക്കസർത്തുകളിലൂടെയല്ല മറിച്ച് പ്രവർത്തനങ്ങളിലൂടെയാണെന്നും സി.പി.ഐ.എം ഇപ്പോൾ നടത്തുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. പോലീസിന് ആത്മാർത്ഥതയുണ്ടെങ്കിൽ മുൻ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ എന്നിവരുടെ വീടുകളിൽ പരിശോധന നടത്താൻ തയ്യാറാകണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ പാർട്ടി ശുദ്ധീകരിക്കുമെന്നും തെറ്റുകൾ തിരുത്തുമെന്നും സാമ്പത്തിക ക്രമക്കേടുകൾക്കും വഴിവിട്ട സ്വത്ത് സമ്പാദനത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും സി.പി.ഐ.എം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ സ്വന്തം നേതൃത്വത്തിനും അവരുടെ കുടുംബാംഗങ്ങൾക്കുമെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ ഈ ശുദ്ധീകരണം എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി വിജയന്റെ മകൾ വീണ വിജയനും മരുമകൻ മുഹമ്മദ് റിയാസും ഉൾപ്പെട്ട സാമ്പത്തിക വിനിമയങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർണ്ണായക തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വീണ വിജയന്റേതെന്ന് പറയപ്പെടുന്ന 'റെഡ് ബുക്ക്' വിവരങ്ങളും വിദേശ പണമിടപാടുകളുടെ രേഖകളും സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി കൈമാറുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്ത വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുടുംബവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അവർ തന്നെ നേരിടട്ടെ എന്ന് പറയാനുള്ള ആർജ്ജവം കാണിക്കുന്നതിന് പകരം അന്വേഷണ ഏജൻസികൾക്കെതിരെ പ്രക്ഷോഭം നയിക്കുന്നതാണോ പാർട്ടിയുടെ തെറ്റുതിരുത്തൽ എന്ന് സുരേന്ദ്രൻ ചോദിച്ചു.

പഴയ തെറ്റുകൾ തന്നെ പുതിയ രൂപത്തിൽ അവതരിപ്പിക്കാനാണോ പാർട്ടി ശ്രമിക്കുന്നത്. തിരുത്തലുകൾ നിലപാടുകളിലാണ് പ്രകടമാകേണ്ടത്. മെസ്സിയുടെ പേരിലുണ്ടായ തട്ടിപ്പിലും വിപുലമായ അന്വേഷണം അനിവാര്യമാണ്. നിലവിൽ നികുതിവെട്ടിപ്പും സാമ്പത്തിക തിരിമറികളും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ടെങ്കിലും സംഭവത്തിന് പിന്നിലെ രാഷ്ട്രീയ ഇടപാടുകളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കണം.

ഈ കരാറിലും ഇടപാടുകളിലും മുൻ കായികമന്ത്രി വി. അബ്ദുറഹിമാനും മുഹമ്മദ് റിയാസിനും പങ്കുണ്ടോയെന്ന് കണ്ടെത്തണം. കരാർ ഒപ്പിട്ടതിലും സ്റ്റേഡിയം കൈമാറിയതിലും ഭരണതലത്തിൽ എന്ത് തീരുമാനങ്ങളാണ് ഉണ്ടായതെന്ന് വ്യക്തമാക്കണം. മുഹമ്മദ് റിയാസിന്റെ വസതിയിൽ പരിശോധന നടത്താൻ എന്തുകൊണ്ടാണ് മടിക്കുന്നത്? ഈ വിഷയത്തിൽ എ.കെ.ജി സെന്ററിലേക്കും കന്റോൺമെന്റ് ഹൗസിലേക്കും അന്വേഷണം കടന്നുചെല്ലാത്തത് എന്ത് കാരണത്താലാണ്?

സർക്കാരിന്റെ സമ്മതത്തോടെയാണ് ഇതെല്ലാം നടന്നതെന്ന ആക്ഷേപം പരിശോധിക്കപ്പെടണം. കഴിഞ്ഞ ഭരണകാലത്താണ് കേരളത്തിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്ന് നവീകരണത്തിന്റെ പേരിൽ ആന്റോ അഗസ്റ്റിന്റെ സ്ഥാപനത്തിന് നൽകിയത്. അതിനാൽ ഈ നീക്കങ്ങളിലെ സാമ്പത്തികവും ഭരണപരവുമായ എല്ലാ നടപടികളും പരിശോധനയ്ക്ക് വിധേയമാക്കണം. ആരോപണങ്ങൾ വന്നയുടൻ ആരെയും മുൻകൂട്ടി കുറ്റവാളികളാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നില്ല. പക്ഷെ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണം. രാഷ്ട്രീയ ബന്ധമുള്ളവരെ സംരക്ഷിക്കുകയും മറ്റുള്ളവരെ മാത്രം ലക്ഷ്യമിടുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. ജനങ്ങളെ വഞ്ചിച്ച് രക്ഷപ്പെടാമെന്ന് സർക്കാർ വ്യാമോഹിക്കേണ്ടതില്ല. വിഷയത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ മെസ്സി ഇടപാടുകളിലെ മുഴുവൻ സാമ്പത്തിക വശങ്ങളും കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാകണം. പാർട്ടിയുടെ തിരുത്തൽ യഥാർത്ഥമാണെങ്കിൽ അത് സ്വന്തം നേതാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ബാധകമാക്കണം, അല്ലാത്തപക്ഷം ഇതൊരു രാഷ്ട്രീയ നാടകമായി മാത്രമേ ജനങ്ങൾ കാണൂ എന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

Advertisement

Related News

ഞാൻ പേടിച്ചെന്ന് സതീശനോടും ചെന്നിത്തലയോടും പറഞ്ഞേക്കൂ'; പോലീസ് കേസിനെ പരിഹസിച്ച് കെ.എസ്. അരുൺ കുമാർ

ഞാൻ പേടിച്ചെന്ന് സതീശനോടും ചെന്നിത്തലയോടും പറഞ്ഞേക്കൂ'; പോലീസ് കേസിനെ പരിഹസിച്ച് കെ.എസ്. അരുൺ കുമാർ

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം സ്വാഗതം ചെയ്ത് കെ.എസ്. ശബരീനാഥൻ; ആശയം പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് പ്രതികരണം

തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം സ്വാഗതം ചെയ്ത് കെ.എസ്. ശബരീനാഥൻ; ആശയം പുതിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് പ്രതികരണം

വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചു; യു.ഡി.എസ്.എഫ് യൂണിയനെതിരെ എം.എസ്.എം കോളേജ് വിദ്യാർത്ഥിനി

വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചു; യു.ഡി.എസ്.എഫ് യൂണിയനെതിരെ എം.എസ്.എം കോളേജ് വിദ്യാർത്ഥിനി

പി.എം ശ്രീ പദ്ധതിയുമായി കേരളം സഹകരിച്ചേക്കും; രണ്ട് വ്യവസ്ഥകൾ മുന്നോട്ടുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

പി.എം ശ്രീ പദ്ധതിയുമായി കേരളം സഹകരിച്ചേക്കും; രണ്ട് വ്യവസ്ഥകൾ മുന്നോട്ടുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നീക്കം വാണിജ്യ താല്പര്യത്തോടെ; ഇടതുപക്ഷം എതിർക്കുമെന്ന് വി.കെ. പ്രശാന്ത്

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നീക്കം വാണിജ്യ താല്പര്യത്തോടെ; ഇടതുപക്ഷം എതിർക്കുമെന്ന് വി.കെ. പ്രശാന്ത്

Comments

Add a Comment

Our Channels