കാസർഗോഡ്: ഇടതുപക്ഷ പ്രസ്ഥാനങ്ങളെ തളർത്തുകയെന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡുകൾ അരങ്ങേറുന്നതെന്ന് മുതിർന്ന സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ. പ്രതികൾ ഇന്നയാളാണെന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച് കൃത്യമായ തിരക്കഥ തയ്യാറാക്കിയാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ പാർട്ടി നിലവിൽ നേരിടുന്ന വിവിധ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്തതായും, കണ്ടെത്തിയ കാര്യങ്ങൾ ജനങ്ങളോട് വിശദീകരിച്ച് പാർട്ടി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി സഖാക്കളെയും ബഹുജനങ്ങളെയും ഒന്നിച്ച് സജീവമാക്കുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. ഇടതുപക്ഷം ദുർബലമായാൽ കേരളം ഇന്നത്തെ രീതിയിൽ നിലനിൽക്കില്ല. നാടിനെ ഈ നിലയിലേക്ക് വളർത്തിയെടുത്ത സി.പി.ഐ.എമ്മിനെ കൂടുതൽ ശക്തിപ്പെടുത്താൻ ജനസഞ്ചയത്തെയാകെ അണിനിരത്തും. ഇ.ഡി നടത്തുന്നത് നഗ്നമായ രാഷ്ട്രീയ കടന്നാക്രമണമാണ്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ നീക്കങ്ങൾ. രാജ്യത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ബി.ജെ.പി ഇതര പാർട്ടികളെ കേന്ദ്ര ഏജൻസികൾ വെറുതെ വിട്ടിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ബി.ജെ.പിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും ഇടതുപാർട്ടികളെ ഇല്ലാതാക്കാനും ലക്ഷ്യമിട്ട് ബി.ജെ.പി രാഷ്ട്രീയ താല്പര്യത്തോടെ നടത്തുന്ന കടന്നുകയറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.ഡി കൃത്രിമമായി ചമച്ചെടുത്തതല്ലാതെ മറ്റ് എന്തെങ്കിലും യഥാർത്ഥ തെളിവുകൾ ഇവരുടെ കൈവശമുണ്ടോയെന്ന് ഇ.പി. ജയരാജൻ ആരാഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്? ആളുകളെ ചോദ്യം ചെയ്ത് ഭീഷണിപ്പെടുത്തി എഴുതി വാങ്ങുന്നതാണോ തെളിവുകൾ? ഇവിടെ തികച്ചും തെറ്റായ സമീപനങ്ങളാണ് ഇ.ഡി സ്വീകരിക്കുന്നത്. നിയമാനുസൃതമായ ഒരു കേസ് അന്വേഷണത്തെയും പാർട്ടി എതിർത്തിട്ടില്ല. വസ്തുതാപരമായ അന്വേഷണത്തെ ഭയപ്പെടേണ്ട യാതൊരു സാഹചര്യവും പാർട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എമ്മിനെ നിരന്തരം ആക്രമിച്ച് ക്ഷീണിപ്പിച്ച് ആർ.എസ്.എസിന് സംസ്ഥാനത്ത് കടന്നുകയറാൻ ഇടമൊരുക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തിൽ കോൺഗ്രസ് അവരുടെ താല്പര്യങ്ങൾക്ക് അനുസൃതമായാണ് ചുവടുവെക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.





