തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടികൾ ഊർജ്ജിതമാക്കി. ആണവോർജ്ജ നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിനായി കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം ന്യൂഡൽഹിയിലെത്തി എൻ.പി.സി.ഐ.എൽ സി.എം.ഡിയുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തും. ഉയർന്ന വില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. അതേസമയം, വൈദ്യുതി നിയന്ത്രണങ്ങൾ ഇന്നും തുടരാനാണ് സാധ്യത കാണുന്നത്.
ഹിമാചൽ പ്രദേശിൽ നിന്നും 250 മെഗാവാട്ടും കേന്ദ്ര വിഹിതമായി 150 മെഗാവാട്ടും ലഭ്യമായത് കേരളത്തിന് ആശ്വാസമായെങ്കിലും നിലവിലെ വലിയ പ്രതിസന്ധി പൂർണ്ണമായി മറികടക്കാൻ ഈ അളവ് പര്യാപ്തമല്ല. കുറഞ്ഞ നിരക്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ബോർഡ്. പീക്ക് സമയങ്ങളിൽ പ്രതിദിനം 700 മുതൽ 900 മെഗാവാട്ട് വരെയുള്ള വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. ഈ വലിയ അന്തരം നികത്താൻ ആവശ്യമായ വൈദ്യുതി ലഭ്യമായാൽ മാത്രമേ ലോഡ്ഷെഡ്ഡിംഗ് പൂർണ്ണമായി ഒഴിവാക്കാനാകൂ. നിലവിൽ പ്രതിദിന ഉപയോഗം 94 ദശലക്ഷം യൂണിറ്റിലും മുകളിലാണ്. കഴിഞ്ഞ ദിവസവും പീക്ക് അവറുകളിലെ ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലേക്ക് ഉയർന്നിരുന്നു.
രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയർന്നതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യതയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ, ദേശീയ തലത്തിൽ 12,000 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ വ്യക്തമാക്കിയ പ്രതിസന്ധി ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിഹിതത്തിലും അപ്രതീക്ഷിതമായി ഇടിവുണ്ടായി. ദേശീയ തലത്തിൽ കാറ്റാടി പാടങ്ങളിൽ നിന്നുള്ള ഉത്പാദനം ഗണ്യമായി കുറഞ്ഞതും ആവശ്യകത ഉയർന്നതും കാരണം വൈദ്യുതി ലഭ്യതയിൽ വീണ്ടും കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പുമുണ്ട്.





