കൊല്ലം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാൻ അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തുവരാത്തത് ഉടമകളെ ഗുരുതര പ്രതിസന്ധിയിലാക്കി. സർക്കാർ പ്രഖ്യാപനം വന്നയുടൻ തന്നെ പലരും ബസുകളുടെ നിറം മാറ്റിപ്പണിയുകയും, പുതിയതായി നിർമ്മിച്ചവയിൽ വെള്ള നിറം ഒഴിവാക്കുകയും ചെയ്തതാണ് ഇപ്പോൾ വിനയായിരിക്കുന്നത്. വാഹനങ്ങൾ നിരത്തിലിറക്കിയാൽ പിഴ ഈടാക്കുമെന്ന സ്ഥിതിയായതോടെ ഈ ബസുകൾ സർവീസ് നടത്താനാവാതെ കട്ടപ്പുറത്താണ്.
സർക്കാരിന്റെ ഔദ്യോഗിക ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ വാഹനങ്ങളുടെ നിറം മാറ്റിയത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി സർക്കാരിന് സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം സർക്കാർ മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചത്. നിറം മാറ്റിയ പഴയ ബസുകൾക്ക് പുറമെ, ബെംഗളൂരുവിൽ നിന്ന് പുതിയതായി നിർമ്മിച്ചെത്തിച്ച 160-ലധികം ബസുകളും ഇതേ ദുരിതാവസ്ഥയിലാണ്. ഈ വാഹനങ്ങൾക്കൊന്നും തന്നെ നിലവിൽ നിരത്തിലിറങ്ങാൻ സാധിക്കുന്നില്ല.
നിറം മാറ്റം സംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇതുവരെ ഒരു ആർ.ടി.എോ ഓഫീസുകളിലും ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ എത്തിയിട്ടില്ല. അമ്പത് ലക്ഷം രൂപയിലധികം വായ്പയെടുത്ത് പണികഴിപ്പിച്ച ബസുകളാണ് ഒന്നിനും കൊള്ളാതെ കിടക്കുന്നത്. ഇവയ്ക്ക് രജിസ്ട്രേഷൻ പോലും ലഭിക്കാത്ത സാഹചര്യമാണ്. കഴിഞ്ഞ മൂന്ന് മാസമായി വാഹനങ്ങൾ വെറുതെ കിടക്കുകയാണെന്നും, ബന്ധുക്കളിൽ നിന്നും മറ്റും കടം വാങ്ങി ഫിനാൻസ് അടയ്‌ക്കേണ്ട ദയനീയ അവസ്ഥയിലാണെന്നും ബസ് ഉടമകൾ പറയുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഇതുസംബന്ധിച്ച് ഔദ്യോഗിക നിവേദനം നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഈ വിഷയത്തിൽ വിശദീകരണവുമായി ഗതാഗതമന്ത്രി സി.പി. ജോൺ രംഗത്തെത്തി. ടൂറിസ്റ്റ് ബസുകളിൽ ഉടമകൾക്ക് ഇഷ്ടമുള്ള നിറം നൽകാൻ സാധിക്കുമെന്നും, ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ടൂറിസ്റ്റ് ബസുകൾക്ക് ഏത് നിറവും തെരഞ്ഞെടുക്കുന്നതിൽ നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നും പുതിയ ചട്ടങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. ഉത്തരവ് വൈകുന്നതിന് പിന്നിൽ ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നുവെന്നും, വിഷയത്തിൽ ഹൈക്കോടതിയുടെ മുൻകാല പരാമർശങ്ങൾ സർക്കാരിന് അവഗണിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിയുടെ നിബന്ധനകൾ പൂർണ്ണമായും പാലിച്ചുകൊണ്ട് വാഹനങ്ങളുടെ നിറം മാറ്റാൻ അനുവാദം നൽകുന്നതിൽ സർക്കാരിന് യാതൊരുവിധ എതിർപ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനങ്ങളുടെ നിറവും റോഡ് സുരക്ഷയും തമ്മിൽ യാതൊരുവിധ ശാസ്ത്രീയ ബന്ധവുമില്ലെന്നാണ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രധാന കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ടൂറിസ്റ്റ് ബസുകൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം നിറം തിരഞ്ഞെടുക്കാമെന്നളവിലുള്ള സർക്കാർ തീരുമാനം ഉണ്ടായത്. എന്നാൽ 2022 ഒക്ടോബറിൽ പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേർ ദാരുണമായി മരണപ്പെട്ട വലിയ അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേരളത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിക്കൊണ്ട് കർശന ഉത്തരവ് നടപ്പിലാക്കിയത്.





