കോഴിക്കോട്: സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) ആഞ്ഞടിച്ച് പി. എ. മുഹമ്മദ് റിയാസ് എം.എൽ.എ. തന്നെയും പാർട്ടിയെയും ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് ഏജൻസി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ ഏജൻസിക്ക് ലഭിച്ച നിർണ്ണായക തെളിവുകളാണെങ്കിൽ അവ ഇത്തരത്തിൽ മാധ്യമങ്ങൾക്ക് ചോർത്തി നൽകുമോ എന്ന് അദ്ദേഹം ചോദിച്ചു. സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിയുടെ സമാപന ദിവസമാണിന്ന്; വൈകുന്നേരം ലക്ഷക്കണക്കിന് ആളുകൾ അണിനിരക്കുന്ന പൊതുറാലി നടക്കാനിരിക്കെ, വിവരങ്ങൾ പുറത്തുവിടാൻ കൃത്യമായി ഇന്നത്തെ ദിവസം തന്നെ തിരഞ്ഞെടുത്തത് എന്തിനാണെന്നും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ റിയാസ് ആരാഞ്ഞു.
മുൻപും തന്നെ ഹവാല ഇടപാടുകളുമായി കൂട്ടിക്കെട്ടാൻ ആസൂത്രിത ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും അതൊക്കെ അന്ന് തന്നെ പൊളിഞ്ഞുപോയതാണ്. ഇപ്പോൾ പുതിയൊരു കഥയുമായാണ് ഏജൻസി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നിയോജക മണ്ഡലത്തിലെ വികസന കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി തുടങ്ങിയ 'നമ്മൾ ബേപ്പൂർ' എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ ഹവാല കൈമാറ്റത്തിന് വേണ്ടിയുള്ളതാണെന്നാണ് ഇ.ഡിയുടെ പുതിയ വാദം. മാധ്യമപ്രവർത്തകരടക്കം നിരവധി ആളുകൾ അംഗങ്ങളായുള്ള ആ ഗ്രൂപ്പിലെ വിവരങ്ങൾ ആർക്കും സുതാര്യമായി പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടപാടിലെ തുക ഹവാലയാണെന്ന് വീണ സമ്മതിച്ചെന്ന പ്രചാരണം പച്ചക്കള്ളവും തീർത്തും അസംബന്ധവുമാണ്. വീണയ്ക്ക് ഹവാലയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ബോധപൂർവ്വമായ നീക്കം. മൂന്ന് തവണയാണ് വീണയെ ഏജൻസി ചോദ്യം ചെയ്തത്; എന്നാൽ ഒരു ഘട്ടത്തിൽ പോലും ചോദ്യം ചെയ്യലിൽ ഹവാലയെക്കുറിച്ച് ഉദ്യോഗസ്ഥർ ചോദിച്ചിട്ടേയില്ല. എന്നിട്ടും കള്ളപ്പണമാണെന്ന് അവർ സമ്മതിച്ചതായി ഇ.ഡി പറയുന്നത് വ്യക്തിഹത്യ നടത്താൻ വേണ്ടിയാണ്. ഭാവിയിൽ ഒരു വാണിജ്യ സംരംഭം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വെറുമൊരു കടലാസിൽ കുറിച്ചുവെച്ച കുറിപ്പുകളെയാണ് 'റെഡ് ബുക്ക്' എന്നൊക്കെ പറഞ്ഞ് പർവ്വതീകരിച്ച് അവതരിപ്പിക്കുന്നതെന്നും റിയാസ് പരിഹസിച്ചു.
ഇ.ഡിയുടെ അന്വേഷണത്തെക്കുറിച്ച് യാതൊരു ഭയവുമില്ലെന്ന് വ്യക്തമാക്കിയ റിയാസ്, തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഇത് വളരെ മികച്ചൊരു തിരക്കഥയാണെന്നും, ദേശീയതലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നൽകുകയാണെങ്കിൽ അത് ഈ തിരക്കഥ രചിച്ച വ്യക്തിക്ക് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു. ഇ.ഡിയുടെ പ്രവർത്തനരീതി എന്താണെന്ന് എല്ലാവർക്കും ബോധ്യമുള്ളതാണ്. ഇത്തരം വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങൾക്ക് മുന്നിൽ മോശക്കാരാക്കാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണ മാത്രമായി അവശേഷിക്കും. ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കും; പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകൾ മുൻപത്തെക്കാൾ ശക്തമായിത്തന്നെ ഇനിയും പറയും. ഈ വിഷയങ്ങൾ ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂവെന്നും മുന്നോട്ട് നിരവധി കാര്യങ്ങൾ കാണാനിരിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, നിയമപരമായിത്തന്നെ വിഷയത്തെ ശക്തമായി നേരിടുമെന്നും കൂട്ടിച്ചേർത്തു.





