കൊച്ചി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അതിരൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ. തന്നെ 'വർഗ്ഗവഞ്ചകൻ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് എം.വി. ഗോവിന്ദൻ നടത്തിയ പരാമർശത്തിനാണ് അദ്ദേഹം ശക്തമായ മറുപടി നൽകിയത്. താൻ എം.വി. ഗോവിന്ദനെപ്പോലെ അത്രയധികം വഞ്ചനകൾ പ്രവർത്തിച്ചിട്ടില്ലെന്നും, യഥാർത്ഥത്തിൽ ആരാണ് വർഗ്ഗവഞ്ചകനെന്ന് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടണമെന്നും ടി.കെ. ഗോവിന്ദൻ വെല്ലുവിളിച്ചു.
നിലവിൽ പ്രസ്ഥാനത്തിന്റെ ഉന്നത പദവികളിൽ ഇരിക്കുന്നവരാണ് യഥാർത്ഥത്തിൽ വർഗ്ഗവഞ്ചകരെന്നാണ് ടി.കെ. ഗോവിന്ദൻ വിശേഷിപ്പിച്ചത്. പാർട്ടിയിൽ ഗ്രൂപ്പ് വഴക്കുകളും ചേരിതിരിവുകളും ഉണ്ടാക്കാൻ സജീവമായി നടന്നിട്ടുള്ള വ്യക്തിയാണ് എം.വി. ഗോവിന്ദൻ. താൻ ഒരിക്കലും പാർട്ടിയെ ദുരുപയോഗം ചെയ്ത് പണം സമ്പാദിച്ചിട്ടില്ല. പാർട്ടിയുടെ പേരോ സ്വാധീനമോ ഉപയോഗപ്പെടുത്തി യാതൊരുവിധ ബിസിനസ്സുകളും നടത്തിയിട്ടില്ലാത്തതിനാൽ തന്റെ പേരിൽ യാതൊരു കേസുകളും ഒരിടത്തുമില്ല. എന്നാൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി എ.കെ.ജി. സെന്റർ പോലും ഉപയോഗപ്പെടുത്തിയ കാര്യം എം.വി. ഗോവിന്ദൻ സൗകര്യപൂർവ്വം മറന്നോ എന്നും അദ്ദേഹം ചോദ്യം ചെയ്തു.
രാഷ്ട്രീയ ജീവിതത്തിൽ ഒരു ഘട്ടത്തിൽ പ്രതിസന്ധിയുണ്ടായപ്പോൾ സകല പ്രവർത്തനങ്ങളും അവസാനിപ്പിച്ച് സ്കൂൾ അധ്യാപകനായി ജോലിയിലേക്ക് മടങ്ങിപ്പോയ വ്യക്തിയാണ് എം.വി. ഗോവിന്ദൻ. എന്നിട്ടാണ് ഇപ്പോൾ തനിക്കെതിരെ വർഗ്ഗവഞ്ചകൻ എന്ന ആക്ഷേപം ഉന്നയിക്കുന്നത്. ഇത്തരം വർഗ്ഗവഞ്ചക ആരോപണങ്ങൾ രാഷ്ട്രീയ ചരിത്രത്തിൽ പുതിയതല്ല. പ്രസ്ഥാനം പിളർപ്പിനെ അഭിമുഖീകരിച്ച ഘട്ടങ്ങളിൽ മഹാനായ എ.കെ.ജിക്കും ഇ.എം.എസ്സിനും പോലും അത്തരം വിളിപ്പേരുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും ടി.കെ. ഗോവിന്ദൻ ഓർമ്മിപ്പിച്ചു.ട്വന്റി ഫോർ ചാനലിന്റെ എൻകൗണ്ടർ എന്ന പ്രോഗ്രാമിലായിരുന്നു ടികെ ഗോവിന്ദന്റെ പ്രസ്താവന.





