കണ്ണൂർ: സി.പി.ഐ.എം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ നിശിതമായ വിമർശനങ്ങൾ തുടർന്ന് ഡി.വൈ.എഫ്.ഐ മുൻ നേതാവ് മനു തോമസ്. കേരളത്തിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ സി.പി.ഐ.എം വഞ്ചിക്കുകയാണെന്നും അടിസ്ഥാനപരമായി തിരുത്തപ്പെടേണ്ട ഒന്നിനെയും മാറ്റാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടക്കുന്നത് വിശാല കമ്മിറ്റിയല്ല, മറിച്ച് 'വിശാല ബുദ്ധി' മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
പാർട്ടി സമിതികളുടെ അധികാരപരിധിയെക്കുറിച്ച് പ്രാഥമിക ധാരണയുള്ള സഖാക്കൾക്ക് പോലും ഇപ്പോൾ നേതൃത്വം ചെയ്യുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. യോഗത്തിൽ കാര്യമായി യാതൊന്നും സംഭവിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. തയ്യാറാക്കിയ കരട് റിപ്പോർട്ടിൽ ഒരു തരത്തിലുള്ള ആത്മപരിശോധനയോ സ്വയംവിമർശനമോ ഉൾക്കൊണ്ടിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും വലിയ തിരിച്ചടിയായി മാറി. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് പിണറായി വിജയനും എം.വി. ഗോവിന്ദനുമാണ്. വീഴ്ചകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകളൊന്നും അവിടെ നടക്കുന്നില്ലെന്നും മനു തോമസ് വ്യക്തമാക്കി.
പിണറായി വിജയനെ ലക്ഷ്യമിട്ട് ഇ.ഡി നടപടികളുമായി മുന്നോട്ട് വരുമ്പോൾ പാർട്ടി തളർന്നുപോകരുതെന്നാണ് അണികളോട് ഉപദേശിക്കുന്നത്. പിണറായിക്കെതിരെ അന്വേഷണങ്ങൾ ഉണ്ടായാൽ പ്രസ്ഥാനം ദുർബലമാകുമെന്ന വ്യാഖ്യാനമാണ് ഉണ്ടാക്കിയെടുക്കുന്നത്. പ്രസ്ഥാനം ഒന്നടങ്കം പിണറായിക്ക് പിന്നിൽ അണിനിരക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഈ സമ്മേളനം ശ്രമിക്കുന്നത്. അദ്ദേഹത്തിന് സംരക്ഷണം നൽകുക എന്ന പ്രഖ്യാപനം മാത്രമാണ് അവിടെ നടക്കുന്നത്, അല്ലാതെ സംഘടനാപരമായ ഒരു തിരുത്തലും സംഭവിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിയെ ഒന്നോ രണ്ടോ വ്യക്തികൾ മാത്രം നിയന്ത്രിക്കുന്നു എന്നതാണ് സംഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്രസ്ഥാനത്തെ നയിക്കുന്ന വ്യക്തി ചെയ്യുന്ന ഏത് തെറ്റും ചോദ്യം ചെയ്യാനോ തിരുത്തിക്കാനോ ശേഷിയുള്ള ഒരാൾ പോലും നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇല്ല. എതിരെ ഒരക്ഷരം മിണ്ടാൻ കരുത്തില്ലാത്തവരെയാണ് സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇ.എം.എസും ലെനിനും തെറ്റുകൾ തിരുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും, പിണറായി വിജയനും എം.വി. ഗോവിന്ദനും തിരുത്താൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും മനു തോമസ് ചോദിച്ചു.





