നേതൃനിര മുതൽ താഴേത്തലം വരെ സംഘടനയിൽ വരുത്തേണ്ട എല്ലാ തിരുത്തലുകളെക്കുറിച്ചും വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ സമഗ്രമായ ചർച്ചകൾ നടക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വിവിധ വർഗ്ഗ-ബഹുജന സംഘടനാ പ്രതിനിധികളും ഉൾപ്പെടുന്ന സംഘമാണ് ഈ യോഗത്തിൽ ഭാഗഭാക്കാകുന്നത്.
സംസ്ഥാന സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ വൈകുന്നേരം ആറ് മണി വരെ ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചകളും, അതിനുപിന്നാലെ പൊതുചർച്ചയും ആദ്യദിനം തന്നെ ആരംഭിക്കും. പൊതുചർച്ച അടുത്ത ദിവസത്തോടെ പൂർത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും യോഗം ചേരും. മൂന്നാം ദിവസമാകും ചർച്ചകൾക്കുള്ള മറുപടി നൽകുക. അന്ന് വൈകീട്ട് ഒന്നര ലക്ഷത്തോളം ആളുകളെ അണിനിരത്തിക്കൊണ്ടുള്ള വൻ പൊതുറാലിയും സംഘടിപ്പിക്കും.
വിമർശനങ്ങളെയും സ്വയംവിമർശനങ്ങളെയും ഉൾക്കൊണ്ടാണ് റിപ്പോർട്ടുകളെയും ചർച്ചകളെയും പാർട്ടി സമീപിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായ കാര്യങ്ങൾ തിരുത്തും. സംഘടനാപരമായ പോരായ്മകൾ പരിഹരിക്കുക, പാർട്ടിയാകെ പ്രത്യയശാസ്ത്ര അടിത്തറ കൂടുതൽ ശക്തമാക്കുക, അണികളിൽ രാഷ്ട്രീയ അവബോധം ഉയർത്തുക, ഭരണരംഗത്തുണ്ടായ പോരായ്മകൾ പരിഹരിക്കുക എന്നിവയാണ് തിരുത്തൽ പ്രക്രിയയിലെ പ്രധാന മേഖലകൾ.
പിണറായി വിജയനെതിരായ ഇ.ഡി നീക്കങ്ങൾ സി.പി.ഐ.എമ്മിനെ ലക്ഷ്യമിട്ടുള്ളതാണെന്നും പാർട്ടിയെ തകർക്കാനാണ് അദ്ദേഹത്തെ വേട്ടയാടുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. പാർട്ടി ഇതിൽ പ്രതിരോധത്തിലായിട്ടില്ല. ആരോപണങ്ങൾ ഉയർന്ന ആദ്യഘട്ടം മുതൽ തന്നെ പതുക്കെ അന്വേഷണം പിണറായി വിജയനിലേക്ക് കേന്ദ്രീകരിക്കാനാണ് ഇ.ഡി നീങ്ങിയത്. ഇതിനെതിരെ പാർട്ടി ശക്തമായ നിലപാടുമായി മുന്നോട്ട് പോകും. ദേശീയ തലത്തിൽ മറ്റു പ്രതിപക്ഷ നേതാക്കൾക്ക് നേരെയും ഇതേ രീതിയാണ് ഇ.ഡി സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ പാർട്ടിക്കോ ഇടത് മുന്നണിക്കോ ഒരുവിധ അവ്യക്തതയുമില്ല.
വിപുലീകൃത സംസ്ഥാന സമിതി വിമർശനങ്ങളേക്കാൾ പരിഹാരമാർഗ്ഗങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് വന്നിട്ടുള്ള പോരായ്മകൾ പാർട്ടി കണ്ടെത്തിയിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായ പരിമിതികൾ, പ്രചാരണ ശൈലിയിലെ മാറ്റങ്ങൾ, യുവതലമുറയുമായുള്ള ബന്ധം, ഭരണപരമായ വീഴ്ചകൾ എന്നിവയെല്ലാം എങ്ങനെ പരിഹരിക്കാമെന്ന് വിശദമായി ചർച്ച ചെയ്യും. ഒപ്പം നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ പാർലമെന്ററി വ്യാമോഹം കടന്നുകൂടിയിട്ടുണ്ടോയെന്നും പരിശോധിക്കും.
ഇ.ഡിയുടെ വേട്ടയാടൽ ഈ സമ്മേളനത്തിലെ പ്രധാന വിഷയമല്ലെന്ന് വ്യക്തമാക്കിയ രാജീവ്, ഇ.ഡിയുടെ നടപടികളെ കേവലം നിയമപരമായി മാത്രം കാണണമെന്ന് ആവശ്യപ്പെടുന്ന ഏക കോൺഗ്രസ് മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന് പരിഹസിച്ചു. ഇ.ഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്ന് വാദിക്കുന്ന സതീശനെ ബി.ജെ.പി മുഖ്യമന്ത്രിമാരുടെ കൂട്ടത്തിലാണോ എണ്ണേണ്ടതെന്നും അദ്ദേഹം ചോദിച്ചു. പാർട്ടിക്കുണ്ടായ ഏത് പോരായ്മയും കൂട്ടായ വീഴ്ചയാണ്, അത് ഒരുമിച്ചുതന്നെ പരിഹരിക്കും. ജനങ്ങളുടെയും സംഘടനാ ഘടകങ്ങളുടെയും നിർദ്ദേശങ്ങൾ അതീവ ഗൗരവത്തോടെ ഉൾക്കൊണ്ടാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി പ്രതിനിധികൾക്ക് സ്വതന്ത്രമായി വിമർശനങ്ങൾ ഉന്നയിക്കാമെന്നും പിണറായി വിജയനെയും എം.വി. ഗോവിന്ദനെയും വിമർശിക്കാൻ അംഗങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. ആരും വിമർശനത്തിന് അതീതരല്ല; പോരായ്മകളുണ്ടെങ്കിൽ അവ തുറന്നുപറയണം. നേതാക്കളെ ആരെയും ആവശ്യമെങ്കിൽ വിമർശിക്കാൻ പാർട്ടിയിൽ സ്വാതന്ത്ര്യമുണ്ട്.
നേതൃത്വത്തെ മാറ്റുന്നതല്ല യഥാർത്ഥ തിരുത്തൽ പ്രക്രിയയെന്ന് ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. ആളുകളെ മാറ്റിയതുകൊണ്ട് മാത്രം പ്രശ്നങ്ങൾക്ക് അറുതിയാകില്ല. തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് നേതൃത്വം അംഗീകരിക്കുകയാണ് പ്രധാനം, നിലവിലെ നേതൃത്വം അത് തുറന്നു സമ്മതിച്ചിട്ടുമുണ്ട്. ഇനി തിരുത്തലുകൾ എങ്ങനെ പ്രാവർത്തികമാക്കാമെന്നാണ് ആലോചിക്കേണ്ടത്. പാർട്ടിയിൽ കർശനമായ മാനദണ്ഡങ്ങൾ വരും. സ്വത്ത് സമ്പാദിക്കുമ്പോൾ മാത്രമല്ല, വ്യക്തിപരമായി കടം വാങ്ങുമ്പോൾ പോലും പാർട്ടിയെ ബോധ്യപ്പെടുത്തണമെന്നും ആ നിലയിൽ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടി
ച്ചേർത്തു.





