കാസർകോട്: ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ പ്രശംസിക്കുന്ന വിധത്തിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് തുടർനടപടികളിലേക്ക് കടന്നു. മൊഴിയെടുക്കുന്നതിനായി രണ്ട് അധ്യാപകർക്ക് കൂടി നോട്ടീസ് നൽകി. ചോദ്യങ്ങൾ രൂപീകരിക്കാൻ സഹായം നൽകിയ കുമ്പള ഉപജില്ലയിലെ അധ്യാപകർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഇത് സംബന്ധിച്ച അന്തിമ അന്വേഷണ റിപ്പോർട്ട് കൈമാറും. അതേസമയം, വിഷയത്തിൽ എ.ഇ.ഒമാർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ, ചോദ്യാവലി തയ്യാറാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ അധ്യാപകനെതിരെ സ്കൂൾ മാനേജ്മെന്റിന് അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കാസർകോട് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിൽ എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസ് 2026-ലെ ഒരു ചോദ്യവും അതിന്റെ ഉത്തരവുമാണ് വിവാദങ്ങൾക്കും നടപടികൾക്കും കാരണമായത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര് എന്ന ചോദ്യത്തിന് ഉത്തരസൂചികയിൽ 'വി.ഡി. സവർക്കർ' എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ക്വിസ് മത്സരത്തിനുള്ള ചോദ്യാവലി ഓഗസ്റ്റ് ഒന്നിന് തന്നെ വിദ്യാഭ്യാസ വകുപ്പിലെ എ.ഇ.ഒയ്ക്ക് കൈമാറിയിരുന്നെന്നും, എന്നിട്ടും തനിക്കെതിരെ മാത്രമാണ് ഏകപക്ഷീയമായി നടപടിയുണ്ടായതെന്നും അധ്യാപകൻ കോടതിയിൽ വാദിച്ചു. എന്നാൽ രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ കാരണങ്ങളാലല്ല, മറിച്ച് ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വരുത്തിയ വീഴ്ചയ്ക്കാണ് അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.





