കോഴിക്കോട്: മുൻ മന്ത്രി എം.കെ. മുനീറിന് കഴിഞ്ഞ മൂന്ന് മാസമായി ലഭിക്കേണ്ട എം.എൽ.എ പെൻഷൻ മുടങ്ങി. അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി) ഓഫീസിൽ നിന്നും ട്രഷറി വിഭാഗത്തിലേക്ക് അയച്ച ഔദ്യോഗിക കത്തിലെ ഗുരുതരമായ അക്ഷരത്തെറ്റാണ് തുക മുടങ്ങാൻ ഇടയാക്കിയത്. എം.കെ. മുനീർ എന്ന പേര് രേഖപ്പെടുത്തേണ്ട സ്ഥാനത്ത് 'കെ. ബാബു' എന്നാണ് കത്തിൽ ടൈപ്പ് ചെയ്തിരുന്നത്. പിന്നീട് എ.ജീസ് ഓഫീസിൽ നിന്നും ഈ പിഴവ് തിരുത്തി പുതിയ കത്ത് നൽകിയിട്ടും പെൻഷൻ അനുവദിക്കാൻ നടപടിയുണ്ടായില്ല.
അതിനിടെ, ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതിലും എം.കെ. മുനീറിന് കടുത്ത അതൃപ്തിയുണ്ട്. ഇതിന്റെ ഭാഗമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുത്ത പ്രധാന പരിപാടി മുനീർ ബഹിഷ്കരിച്ചു. കോഴിക്കോട് വെച്ചു നടന്ന യൂത്ത് ലീഗ് സമാപന സമ്മേളനത്തിലാണ് അദ്ദേഹം വിട്ടുനിന്നത്. കോഴിക്കോട് നഗരത്തിൽ തന്നെ ഉണ്ടായിരുന്നിട്ടും മുനീർ ഈ വേദിയിൽ പങ്കെടുക്കാൻ എത്തിയില്ല എന്നത് ഏറെ ശ്രദ്ധേയമായി.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും മുസ്ലിം ലീഗ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്യാബിനറ്റ് പദവിയോടെയുള്ള ഈ നിയമനത്തിൽ ധാരണയിലെത്തിയത്.





