തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് അന്വേഷണത്തിൽ ബി.ജെ.പിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇ.ഡി എല്ലാ നിയമവ്യവസ്ഥകളെയും കാറ്റിൽപ്പറത്തുകയാണെന്ന് സി.പി.ഐ.എം നേതാവ് വി. ശിവൻകുട്ടി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഏതെല്ലാം തരത്തിൽ തകർക്കാൻ സാധിക്കുമോ അതിനായുള്ള ആസൂത്രിത നീക്കങ്ങളാണ് കേന്ദ്ര ഏജൻസി നടത്തുന്നത്. പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് ഉന്നയിക്കുന്ന ആരോപണങ്ങൾ തികച്ചും വാസ്തവവിരുദ്ധവും പച്ചക്കള്ളവുമാണ്.
നടക്കുന്നത് വ്യക്തമായ രാഷ്ട്രീയ പകപോക്കലാണ്. ഇ.ഡിയാണോ ഈ നാട്ടിലെ അവസാന വാക്കെന്നും ഏജൻസി കോടതികൾക്ക് മുകളിലാണോ എന്നും അദ്ദേഹം ചോദിച്ചു. നിഷ്പക്ഷമായി പ്രവർത്തിക്കുന്നതിന് പകരം ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാനും മാധ്യമ വാർത്തകൾ നിർമ്മിച്ചെടുക്കാനുമാണ് ഇ.ഡി ശ്രമിക്കുന്നത്. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്ന ഏജൻസിയായി അവർ അധഃപതിച്ചുവെന്നും വി. ശിവൻകുട്ടി കുറ്റപ്പെടുത്തി.
ഹസൻ വാരിസിന്റെ മൊഴിയുമായി ബന്ധപ്പെട്ട വിഷയത്തിൽ, ആ മൊഴിക്കെതിരെ ഹസൻ വാരിസ് തന്നെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ടെന്ന് ശിവൻകുട്ടി ഓർമ്മിപ്പിച്ചു. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് അദ്ദേഹത്തെക്കൊണ്ട് ഒപ്പുവെപ്പിച്ചത്; ഇത് തീർത്തും അന്യായമായ നടപടിയാണ്. ഇ.ഡി രജിസ്റ്റർ ചെയ്ത ആകെ കേസുകളിൽ കേവലം ഒരു ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ബാക്കി കേസുകളുടെയെല്ലാം അവസ്ഥ എന്താണെന്ന് ഏവർക്കും അറിയാം. സമരങ്ങളുമായി ബന്ധപ്പെടുത്തി പുതിയ കേസുകൾ ചാർജ്ജ് ചെയ്യാനുള്ള ശ്രമങ്ങളും ഇ.ഡി നടത്തുന്നുണ്ട്.
മനുഷ്യത്വവിരുദ്ധമായ സമീപനമാണ് ഏജൻസിയുടേത്. മൊഴി നൽകാനെത്തുന്നവരെ ഭീഷണിപ്പെടുത്താൻ ഇ.ഡിക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കോടതികൾക്ക് മുകളിലല്ല കേന്ദ്ര ഏജൻസിയെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്. കഴിഞ്ഞ 10 വർഷത്തിനിടെ 6677 കേസുകളാണ് ഇ.ഡി രജിസ്റ്റർ ചെയ്തതെങ്കിലും കേവലം 60 എണ്ണത്തിൽ മാത്രമാണ് വിചാരണ പൂർത്തിയായത്. ഇതിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ശിക്ഷ നേടാനായത്. ഈ കേസിനെ രാഷ്ട്രീയമായും നിയമപരമായും പാർട്ടി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പി.എം ശ്രീ പദ്ധതിയെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. പി.എം ശ്രീ നടപ്പിലാക്കേണ്ടതില്ലെന്ന മുൻ സർക്കാരിന്റെ നിലപാട് എന്തോ അപരാധമായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്. സ്കൂളുകളുടെ പട്ടിക നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരാണ്. മുൻപ് പ്രതിപക്ഷത്തായിരുന്ന കാലത്ത് ഈ പദ്ധതി നടപ്പാക്കരുതെന്ന് ശക്തമായി വാദിച്ചവരാണ് കോൺഗ്രസും മുസ്ലിം ലീഗും. സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ മികവുറ്റതാക്കി മാറ്റിയ വിദ്യാലയങ്ങൾ ഈ പദ്ധതി വരുന്നതോടെ പ്രധാനമന്ത്രിയുടെ പേരിൽ അറിയപ്പെടേണ്ടി വരും. ഇനി കേവലം അഞ്ച് മാസത്തെ കാലാവധി മാത്രമാണ് പദ്ധതിക്കുള്ളത്; അതിനുശേഷം സ്കൂളുകൾക്കുള്ള മുഴുവൻ സാമ്പത്തിക ബാധ്യതയും സംസ്ഥാനം തന്നെ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പി.എം ശ്രീ സ്കൂളുകളുടെ പട്ടികയിൽ പിന്നീട് യാതൊരു മാറ്റവും വരുത്താൻ സംസ്ഥാനത്തിന് സാധിക്കില്ല. ഇതുവഴി അർഹതപ്പെട്ട നിരവധി സ്കൂളുകൾക്ക് അവസരം നഷ്ടമാകും. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം (NEP) സംസ്ഥാനത്ത് പൂർണ്ണമായും അടിച്ചേൽപ്പിക്കപ്പെടും. മിഡിൽ സ്കൂൾ സമ്പ്രദായം വരുന്നതോടെ നിലവിലെ ഹൈസ്കൂൾ അധ്യാപകരിൽ ചിലരെങ്കിലും അങ്ങോട്ടേക്ക് മാറേണ്ടി വരും. കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടി മറ്റ് വലിയ സ്കൂളുകളിലേക്ക് സംയോജിപ്പിക്കേണ്ട അവസ്ഥ വരും. ഇത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണെന്നും പരീക്ഷാ നടത്തിപ്പിൽ സംസ്ഥാനത്തിനുള്ള സ്വയംഭരണാധികാരം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറ് മാസം മാത്രം ബാക്കിനിൽക്കുന്ന ഈ പദ്ധതിയിൽ നിലവിൽ ഭാഗമായാൽ സംസ്ഥാനത്തിന് എത്ര തുക ലഭിക്കുമെന്നത് സർക്കാർ വ്യക്തമാക്കണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.





