വെള്ളാപ്പള്ളി നടേശൻ പ്രതിപ്പട്ടികയിലുള്ള മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയുടെ കടുത്ത അതൃപ്തി. കൈപൊള്ളുമെന്ന് ഭയമുള്ള വിഷയങ്ങളിൽ ഫയലുകൾ തെക്കുവടക്ക് പായിക്കുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. അതേസമയം, കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ ഉടനടി തീരുമാനമുണ്ടാകുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. വിചാരണയ്ക്ക് അനുമതി നൽകുന്നതിലുണ്ടാകുന്ന അസാധാരണ കാലതാമസത്തിൽ സർക്കാരിനെയും സർക്കാർ അഭിഭാഷകനെയും കോടതി നിശിതമായി വിമർശിച്ചു. കേസിലെ ചില പ്രതികളെ സർക്കാർ ബോധപൂർവ്വം സംരക്ഷിക്കാൻ ശ്രമിക്കുകയാണോ എന്ന സംശയവും ഹൈക്കോടതി പങ്കുവെച്ചു. തൊട്ടാൽ പൊള്ളുമെന്ന് ഭയമുള്ള വിഷയങ്ങൾ വരുമ്പോൾ ഫയലുകളുമായി ഇത്തരത്തിൽ തലങ്ങും വിലങ്ങും ഓടുന്നത് ഒരു പതിവ് രീതിയായി മാറിയിരിക്കുകയാണെന്നും, ഇതിന് പിന്നിൽ ഗൂഢമായ ഉദ്ദേശ്യങ്ങളുണ്ടെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു.
വിജിലൻസ് വിഭാഗത്തിന് വിവരം കൈമാറുന്നതിൽ സംഭവിച്ച വിട്ടുപോക്കലായിരുന്നു ഇതെന്നായിരുന്നു സർക്കാർ അഭിഭാഷകൻ നൽകിയ വിശദീകരണം. വിചാരണാ അനുമതിയുടെ കാര്യത്തിൽ ഉടൻതന്നെ തീരുമാനമെടുക്കുമെന്നും ഭരണകൂടം അറിയിച്ചു. എന്നാൽ, അടുത്ത തവണ ഹർജി പരിഗണിക്കുമ്പോഴും വ്യക്തമായ നിലപാട് അറിയിച്ചില്ലെങ്കിൽ കോടതി അലക്ഷ്യ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകി.





