തിരുവനന്തപുരം: കേരളത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ഇടപെടലുകളാണെന്ന് കെ.എൻ. ബാലഗോപാൽ. മുൻപ് സ്വർണ്ണക്കടത്തിന്റെ പേരിൽ കള്ളക്കഥകൾ ഉണ്ടാക്കിയതുപോലെ ഇപ്പോൾ മാസപ്പടിയുടെ പേരിലും വ്യാജ നിർമ്മിതികൾ നടത്തുകയാണ്. പ്രതിപക്ഷ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ഗൂഢശ്രമങ്ങളുടെ തുടർച്ചയാണിത്. ജനങ്ങൾ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ടെന്നും ഈ ആരോപണങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് ലഭ്യമായ രേഖകൾ തന്നെ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണ ഏജൻസികളെ ചട്ടുകമാക്കി രാഷ്ട്രീയ നേതാക്കളെ ഒതുക്കാനുള്ള ശ്രമങ്ങൾ രാജ്യം നിരന്തരം കാണുന്നതാണ്. ഡൽഹിയിലും പഞ്ചാബിലും ഇത്തരം നീക്കങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. സോണിയാ ഗാന്ധി പോലും ഇപ്പോഴും ഇ.ഡി കേസിൽ തുടരുന്ന സാഹചര്യമുണ്ട്. സി.പി.ഐ.എമ്മിനെ വേട്ടയാടാൻ വേണ്ടി ബി.ജെ.പിയുമായി കൈകോർത്ത ചരിത്രമാണ് കോൺഗ്രസിനുള്ളത്. ശശിധരൻ കർത്തായുടെ ഡയറിയിൽ പല പ്രമുഖ കോൺഗ്രസ് നേതാക്കളുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്.
കോൺഗ്രസിനുള്ളിലെ ആഭ്യന്തര അധികാര വടംവലിയുടെ ഭാഗമായി സ്വന്തം നേതാക്കൾക്കെതിരെ തന്നെ അന്വേഷണം എത്തിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം നടത്തുന്ന നീക്കങ്ങളാണിത്. കോൺഗ്രസിലെ ചില നേതാക്കൾ ബി.ജെ.പിയുമായി ചേർന്നാണ് ഈ രാഷ്ട്രീയ നാടകം കളിക്കുന്നത്. എന്നാൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താമെന്നുള്ള മോഹം വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.ഡിയുടെ ഈ തിരക്കഥ പെട്ടെന്ന് രൂപപ്പെട്ടതാണെന്ന് കരുതാൻ കഴിയില്ല. മൂന്ന് മാസം മുൻപ് മാധ്യമങ്ങൾ പ്രചരിപ്പിച്ച രീതിയിലല്ല ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. സർക്കാരിനെയും തങ്ങളെയും ലക്ഷ്യമിട്ട് പറഞ്ഞ നുണകളെല്ലാം ജനങ്ങൾക്ക് കൃത്യമായി ബോധ്യപ്പെടുന്നുണ്ട്. രാത്രിയിൽ മൂന്ന് വട്ടം എഴുന്നേറ്റ് വിശറി വീശേണ്ടി വരുന്ന സ്ഥിതിയാണല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.





