കോഴിക്കോട്: മുൻ പിണറായി സർക്കാരിന്റെ ഭരണരീതികൾക്കെതിരെ രൂക്ഷമായ കടന്നാക്രമണവുമായി വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. ആന ചവിട്ടിമെതിച്ച അവസ്ഥയിലായിരുന്നു മുൻ ഭരണമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സി.പി.ഐ.എം ഒരു ദേശീയ പാർട്ടിയാണെന്ന അവകാശവാദം 'ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു' എന്ന് പറയുന്നത് പോലെ മാത്രമാണ്. പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഖജനാവിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ലെന്നും കിഫ്ബി വഴി വരുത്തിവെച്ച വൻ സാമ്പത്തിക ബാധ്യത ഒരു ജന്മം കൊണ്ടൊന്നും അടച്ചുതീർക്കാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാടിനെ കടുത്ത കടക്കെണിയിലേക്ക് തള്ളിവിട്ടാണ് മുൻ ഭരണകൂടം പടിയിറങ്ങിയതെന്ന് വ്യവസായ മന്ത്രി കുറ്റപ്പെടുത്തി. കിഫ്ബി വരുത്തിവെച്ച ഈ കനത്ത ഭാരം പേറേണ്ടിവരുന്നത് സംസ്ഥാനത്തെ സാധാരണ ജനങ്ങളാണ്. നടപ്പിലാക്കിയ പദ്ധതികളിലൊന്നുപോലും വരുമാനം കണ്ടെത്താൻ കഴിയുന്നവയല്ല. കാട്ടാന മുളങ്കാട്ടിൽ പ്രവേശിച്ചതുപോലെയാണ് യാതൊരു നിയന്ത്രണവുമില്ലാതെ മുൻ സർക്കാർ വായ്പകൾ വാങ്ങിക്കൂട്ടിയത്. മറ്റ് നിരവധി വരുമാന ബദലുകൾ ലഭ്യമായിരുന്നിട്ടും അത് പ്രയോജനപ്പെടുത്തിയില്ല. എന്നാൽ യു.ഡി.എഫ് മുന്നോട്ടുവെക്കുന്നത് 'മിഷൻ സമുദ്ര' പോലെയുള്ള വരുമാനദായക പദ്ധതികളാണെന്ന് മന്ത്രി വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളിലും കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കി. നിയമം അതിന്റെ സ്വാഭാവികമായ വഴിക്ക് മുന്നോട്ടുപോകണം എന്നതാണ് ഭരണകൂടത്തിന്റെ കാഴ്ചപ്പാട്. വിഷയവുമായി ബന്ധപ്പെട്ട പല വശങ്ങളും വിശദമായി പരിശോധിക്കാനുണ്ട്. കേസിന്റെ മെറിറ്റ് പൂർണ്ണമായി വിലയിരുത്തിയ ശേഷം മാത്രമേ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ ഉണ്ടാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സോണിയാ ഗാന്ധിക്കെതിരായ ഇ.ഡി അന്വേഷണത്തെ ഈ വിഷയവുമായി കൂട്ടി വായിക്കേണ്ടതില്ലെന്നും രണ്ടും തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിലുള്ള കേസുകളാണെന്നും അദ്ദേഹം പറഞ്ഞു.





