തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ പരിഹാസവുമായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇ.ഡി ഉദ്യോഗസ്ഥർ ഭാവനയിൽ കാര്യങ്ങൾ പടച്ചുവിടുകയാണെന്നും, എം.ടി എഴുതിയത് വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതുപോലെ ഇ.ഡി തയ്യാറാക്കിയത് കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമശ്രദ്ധ നേടാൻ വാർത്തകൾ ചമയ്ക്കുകയാണ് ഇ.ഡി ചെയ്യുന്നത്; ഇതിനുപിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. കേന്ദ്ര ഏജൻസികളെ ഭയന്ന് ബി.ജെ.പി പാളയത്തിൽ അഭയം പ്രാപിക്കാൻ സി.പി.ഐ.എം നേതാക്കളെ കിട്ടില്ലെന്നും ഈ ആരോപണങ്ങൾ സുപ്രീംകോടതി നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണെന്നും എം.എ. ബേബി വ്യക്തമാക്കി.
നേരിട്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഘമായി ഇ.ഡി മാറിയിരിക്കുകയാണെന്നും, മുഹമ്മദ് റിയാസിനെതിരെ വ്യാജ തെളിവുകൾ കെട്ടിച്ചമയ്ക്കാൻ ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയ കാര്യങ്ങൾ സംഭവിച്ചെന്ന രീതിയിലാണ് വി.ഡി. സതീശൻ സർക്കാർ വിഷയത്തെ സമീപിക്കുന്നത്. കോൺഗ്രസിന് ഇക്കാര്യത്തിൽ തികഞ്ഞ ഇരട്ടത്താപ്പാണ്; അന്വേഷണം സി.പി.ഐ.എമ്മിനെതിരെ തിരിയുമ്പോൾ സന്തോഷിക്കുകയും സ്വന്തം നേതാക്കൾക്കെതിരെ വരുമ്പോൾ വിമർശിക്കുകയും ചെയ്യുന്ന സമീപനമാണ് അവരുടേത്. ഈ ഇരട്ടത്താപ്പ് സമീപനത്തെ എ.ഐ.സി.സി ശരിവെക്കുന്നുണ്ടോ എന്നും എം.എ. ബേബി ചോദിച്ചു.
അതേസമയം, ഇ.ഡിയുടെ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി ചെറുത്തുതോൽപ്പിക്കാനാണ് സി.പി.ഐ.എമ്മിന്റെ തീരുമാനം. രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര ഏജൻസിയുടെ ലക്ഷ്യമെന്നും അതിനെ പ്രതിരോധിച്ചുതന്നെ മുന്നോട്ടുപോകുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഇത്തരം കത്തുകൾക്കൊന്നും വലിയ വിലയില്ലെന്നും ഇതിൽ യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരായ വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും തന്നെ തകർക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ ആ നിലയിലേക്ക് ഉയർന്നിട്ടില്ലെന്നും പിണറായി വിജയനും പ്രതികരിച്ചു. രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായ വശങ്ങളെ കോടതി വഴിയും നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇ.ഡി നടപടികളിൽ പിണറായി വിജയന് പൂർണ്ണ പിന്തുണയുമായി പാർട്ടിയുടെ പോളിറ്റ് ബ്യൂറോയും രംഗത്തെത്തിയിരുന്നു. ഇ.ഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടൽ തുരുമ്പിച്ച ആയുധമാണെന്ന് 'ദേശാഭിമാനി' മുഖപ്രസംഗത്തിലും ചൂണ്ടിക്കാട്ടിയിരുന്നു.





