തിരുവനന്തപുരം: സി.എം.ആർ.എൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ കേസ് രജിസ്റ്റർ ചെയ്യാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധവുമായി സി.പി.ഐ.എം. രാഷ്ട്രീയ പ്രതികാരത്തിനായുള്ള ഇ.ഡിയുടെ ഇത്തരം വേട്ടയാടലുകൾ വെറും തുരുമ്പിച്ച ആയുധം മാത്രമാണെന്ന് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയിലെ മുഖപ്രസംഗം വിമർശിക്കുന്നു. ഡി.ജി.പിക്ക് കൈമാറിയതായി പറയുന്ന കത്ത് നേരത്തെയും സർക്കാരിന്റെ മുൻപാകെ സമർപ്പിക്കപ്പെട്ട ഒന്നാണ്. പോലീസിന്റെ കൃത്യമായ അന്വേഷണം, വിജിലൻസ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുടെ ഉത്തരവുകൾ എന്നിവയെല്ലാം പരിശോധിച്ചതിലൂടെ ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിഞ്ഞതാണ്. അതിനാൽ തന്നെ അന്ന് ഇ.ഡിയുടെ കത്ത് തള്ളിക്കളഞ്ഞതുമായിരുന്നു. എന്നാൽ സംസ്ഥാനത്ത് ഭരണം മാറിയപ്പോൾ ഇ.ഡി വീണ്ടും പുതിയൊരു കത്തുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി.
മുൻപ് വീണയാണ് ഇടപാടുകൾക്ക് പിന്നിലെന്ന് ആക്ഷേപിച്ചവർ ഇപ്പോൾ പിണറായി വിജയനെയും പി.എ. മുഹമ്മദ് റിയാസിനെയും ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണ്. എസ്.എഫ്.ഐ.ഒ തങ്ങളുടെ ഇടക്കാല റിപ്പോർട്ടിൽ യാതൊരു അടിസ്ഥാനവുമില്ലാതെ പിണറായി വിജയന്റെ പേര് ഉൾപ്പെടുത്തിയപ്പോൾത്തന്നെ കേന്ദ്ര ഏജൻസികളുടെ ഗൂഢലക്ഷ്യം വ്യക്തമായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഇ.ഡിയുടെ കത്തിൽ യഥാർത്ഥത്തിൽ എന്ത് അഴിമതിയാണ് നടന്നതെന്ന് വ്യക്തമാക്കുന്നില്ല. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുമായി സി.എം.ആർ.എൽ കരാർ ഒപ്പിട്ടത്, അന്നത്തെ മുഖ്യമന്ത്രിയിൽ നിന്നോ അദ്ദേഹം നിയന്ത്രിച്ച വകുപ്പുകളിൽ നിന്നോ സർക്കാരിൽ നിന്നോ വഴിവിട്ട നേട്ടങ്ങൾ സ്വന്തമാക്കാൻ വേണ്ടിയായിരുന്നു എന്നതിന് യാതൊരു തെളിവുകളുമില്ലെന്നും ലേഖനം വ്യക്തമാക്കുന്നു.
സി.എം.ആർ.എല്ലിന്റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തതെന്ന് പറയുന്ന ഡയറിയിൽ വിവിധ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കുമായി 182 കോടി രൂപ നൽകിയതിന്റെ കണക്കുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ രണ്ടോ മൂന്നോ കോടി രൂപയുടെ ഇടപാടിൽ മാത്രമാണ് ഇ.ഡി ഇപ്പോൾ ആകാംക്ഷ കാണിക്കുന്നത്. നിലവിലെ സർക്കാരിലെ ചില മന്ത്രിമാരും പണം കൈപ്പറ്റിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ ആ കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ടെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ, കേന്ദ്ര അന്വേഷണ ഏജൻസികൾ ബി.ജെ.പിയുടെ രാഷ്ട്രീയ ഉപകരണമാണെന്ന സ്വന്തം പൊതുനിലപാടിനോട് കേരളത്തിലെ കോൺഗ്രസ് നേതൃത്വം നീതി പുലർത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും ദേശാഭിമാനി കൂട്ടിച്ചേർത്തു.





