കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കി എം.എസ്.എഫ്. പദ്ധതി നടപ്പിലാക്കാമെന്ന് ഒരു ഭരണകൂടവും കരുതേണ്ടതില്ലെന്നും ഭരണം മാറിയാലും തങ്ങളുടെ പ്രഖ്യാപിത നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ പ്രസ്താവിച്ചു. പി.എം ശ്രീ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിബന്ധനകൾ മുന്നോട്ടുവെച്ച സാഹചര്യത്തിലാണ് എം.എസ്.എഫിന്റെ ഈ പരസ്യപ്രതികരണം.
നേരത്തെയുണ്ടായിരുന്ന ശക്തമായ വിയോജിപ്പിൽ സംഘടന ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിയുമമായി സർക്കാർ മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിലേക്ക് എം.എസ്.എഫ് കടക്കും. അധികാരമാറ്റത്തിനനുസരിച്ച് നിലപാടുകളിൽ മലക്കംമറിയുന്ന എസ്.എഫ്.ഐയുടെ ശൈലിയല്ല എം.എസ്.എഫിന്റേതെന്നും ഷറഫുദ്ദീൻ പിലാക്കൽ പരിഹസിച്ചു.
കേരളം പി.എം ശ്രീ പദ്ധതിയുടെ ഭാഗമായി നിലനിൽക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും കത്തയക്കുമെന്ന വിവരങ്ങൾ പുറത്തുവന്നതോടെ വിഷയം വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്ന മുന്നറിയിപ്പുമായി യൂത്ത് ലീഗും നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. അതേസമയം, വിഷയത്തിൽ പുതിയ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയത്.
പദ്ധതി നടപ്പിലാക്കാൻ സംസ്ഥാനം തയ്യാറായില്ലെങ്കിൽ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) ഫണ്ട് അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 2027 മാർച്ചിനകം പദ്ധതിയുടെ ഭാഗമാകുന്ന സംസ്ഥാനങ്ങൾക്ക് മാത്രമേ പി.എം ശ്രീ ആനുകൂല്യങ്ങളും എസ്.എസ്.കെ വഴിയുള്ള ഫണ്ടും ലഭ്യമാകൂ. ഭരണമുന്നണിയിലും പാർട്ടിക്കുള്ളിലും വിഷയത്തിൽ ഭിന്നാഭിപ്രായങ്ങളും ആശയക്കുഴപ്പങ്ങളും തുടരുന്നതിനിടെ കേന്ദ്രത്തിന്റെ ഈ കർശന നിലപാട് സർക്കാരിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.





