കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി പി.എ. മുഹമ്മദ് റിയാസ്. സത്യവാങ്മൂലത്തിൽ വസ്തുതകളൊന്നും മറച്ചുവെച്ചിട്ടില്ലെന്നും ആർക്കും ഇത് പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ വാർത്തകൾക്കും കള്ളപ്പരാതികൾക്കുമെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച് ഒരാൾ ഫയൽ ചെയ്ത സ്വകാര്യ ഹർജി 2026 മേയ് 16-ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളഞ്ഞതാണ്. എന്നാൽ അന്ന് മാധ്യമങ്ങൾ അതൊരു വാർത്തയാക്കിയില്ല. തുടർന്ന് പരാതിക്കാരൻ തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ച് റിവിഷൻ ഹർജി നൽകിയെന്നാണ് മനസ്സിലാകുന്നത്. ഇത്തരത്തിൽ ആരെങ്കിലും കോടതിയെ സമീപിച്ചാൽ മറുഭാഗത്തിന് നോട്ടീസ് അയക്കുക എന്നത് സാധാരണമായ ഒരു നിയമനടപടിക്രമം മാത്രമാണ്. തങ്ങൾക്ക് നോട്ടീസ് നൽകാൻ സെഷൻസ് കോടതി ഉത്തരവിട്ടതായി വാർത്തകളിലൂടെയാണ് അറിയുന്നത്. എന്നാൽ അത്തരമൊരു നോട്ടീസ് ഇതുവരെ കൈപ്പറ്റിയിട്ടില്ല. നോട്ടീസ് കിട്ടുന്ന മുറയ്ക്ക് അഭിഭാഷകൻ കോടതിയിൽ ഹാജരാകുക എന്ന സ്വാഭാവിക നിയമവഴിയാണ് ഇതിൽ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയുടെ കേവലമായ ഒരു നടപടിക്രമത്തെ വളച്ചൊടിച്ച് തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങൾക്ക് പിന്നിലെ ദുരുദ്ദേശ്യം വ്യക്തമാണെന്നും റിയാസ് വ്യക്തമാക്കി. നാമനിർദ്ദേശ പത്രികയിലെ വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതിയിൽ ഒക്ടോബർ 15-ന് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ച് തിരുവനന്തപുരം സെഷൻസ് കോടതി റിയാസിനും ഭാര്യ ടി. വീണയ്ക്കും നോട്ടീസ് അയച്ചിരുന്നു. റിയാസിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര പി. നാഗരാജ് നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്.
ബേപ്പൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ, ഭാര്യയ്ക്ക് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബിസിനസ് ഇടപാടുകളോ കരാറുകളോ ഉണ്ടോയെന്ന കാര്യത്തിൽ റിയാസ് വ്യക്തത വരുത്തിയില്ലെന്നാണ് പരാതിയിലെ പ്രധാന വാദം. സി.എം.ആർ.എല്ലിൽ നിന്ന് വീണ കൈപ്പറ്റിയ 1.72 കോടി രൂപയുടെ വരുമാനവിവരം സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നുണ്ട്.





