കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാർക്കെതിരെ ഗുരുതരമായ ചികിത്സാപ്പിഴവ് ആരോപണവുമായി ബന്ധുക്കൾ. പുനലൂർ സ്വദേശികളായ അനൂപ്-സുധി ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് പുലർച്ചെ ജീവനറ്റത്. പ്രസവത്തിനായി ഇന്നലെ പുലർച്ചെ തന്നെ ഭാര്യയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയതാണെന്നും, എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ സങ്കീർണ്ണതകൾ ഉണ്ടായിരുന്നെങ്കിൽ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കൈക്കൂലി കൈപ്പറ്റിയതായും അനൂപ് വെളിപ്പെടുത്തി.
"ഇന്നലെ പുലർച്ചെ നാല് മണിക്കാണ് ഭാര്യയെ തിയേറ്ററിലേക്ക് കൊണ്ടുപോയത്. എന്റെ പക്കൽ നിന്നും യാതൊരുവിധ സമ്മതപത്രമോ ഒപ്പോ വാങ്ങിയിരുന്നില്ല. ഇന്നലെ വൈകുന്നേരം ഡോക്ടറെ കാണാൻ കൺസൾട്ടിംഗ് റൂമിൽ എത്തിയിരുന്നു. ആദ്യം 500 രൂപ നൽകിയപ്പോൾ എന്നെ തുറിച്ചുനോക്കി; തുടർന്ന് 2,500 രൂപയാണ് കൈക്കൂലിയായി നൽകിയത്. യാതൊരു പ്രശ്നവുമില്ലെന്നും ഒരുപക്ഷേ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാമെന്നും മാത്രമാണ് ഡോക്ടർ പറഞ്ഞത്. അപകടസാധ്യതകൾ ഉള്ളതായി പറഞ്ഞിരുന്നെങ്കിൽ മറ്റൊരു ആശുപത്രിയെ ആശ്രയിക്കുമായിരുന്നു. പ്രസവശേഷം കുഞ്ഞിന്റെ മുഖം പോലും കാണിച്ചുതന്നില്ല, മരിച്ചുപോയി എന്ന് മാത്രമാണ് അറിയിച്ചത്", അനൂപ് വിതുമ്പലോടെ പ്രതികരിച്ചു.
എന്നാൽ ഉയർന്നു വന്ന ആരോപണങ്ങളെല്ലാം ആശുപത്രി മാനേജ്‌മെന്റ് പൂർണ്ണമായി തള്ളി. സംഭവത്തെത്തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുന്നതിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുക്കളുടെ പരാതിയിൽ പുനലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.





