തിരുവനന്തപുരം: സി.പി.ഐ.എം നേതാവും മുൻ എം.എൽ.എയുമായ എച്ച്. സലാമിനെതിരെ അതിരൂക്ഷമായ വിമർശനവുമായി ജി. സുധാകരൻ എം.എൽ.എ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് പിരിവിന്റെ വിവരങ്ങൾ സുധാകരൻ പുറത്തുവിടണമെന്ന് കഴിഞ്ഞദിവസം സലാം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ച സുധാകരൻ, സലാമിന്റെ കൈവശം കണക്കുകളുണ്ടെങ്കിൽ അത് അദ്ദേഹം തന്നെ പുറത്തുവിടട്ടെ എന്ന് മറുപടി നൽകി. സലാമിന്റെ മുൻകാല ചരിത്രം എന്താണെന്ന് മാധ്യമങ്ങൾ സ്വയം അന്വേഷിച്ചു കണ്ടെത്തണം; എന്തിനാണ് അനാവശ്യമായി തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.
വിവരമില്ലാത്ത ആളുകൾ പലതും വിളിച്ച് പറയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കണക്കുകൾ കൈമാറാതിരിക്കാൻ സാധിക്കുമോയെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനും പാർട്ടിക്കും കൃത്യമായ വരവുചെലവ് കണക്കുകൾ നേരത്തെ സമർപ്പിച്ചിട്ടുള്ളതാണ്. അതിനുമപ്പുറം ഇനി എന്താണ് വേണ്ടതെന്നും ഇതൊന്നും മനസ്സിലാക്കാതെയാണോ ഓരോ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആരാണ് ഇയാൾ, കേരളത്തിൽ ഈ പേരിനൊക്കെ എന്ത് പ്രസക്തിയാണുള്ളത്? ഒരു രൂപ പോലും കൈക്കൂലി വാങ്ങാതെ ജീവിച്ച തന്നെപ്പോലെയുള്ളവരെക്കൂടി മോശക്കാരായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. മാധ്യമപ്രവർത്തകർ കാര്യങ്ങളുടെ സത്യാവസ്ഥ പരിശോധിക്കണമെന്നും അല്ലാതെ ഇയാൾ പറയുന്നതിന്റെ പിറകെ പോകുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സി.എം.ആർ.എൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ ഡി.ജി.പിക്ക് ഇ.ഡി ശുപാർശ നൽകിയതിനെക്കുറിച്ച് തനിക്ക് വിവരമൊന്നുമില്ലെന്ന് സുധാകരൻ പറഞ്ഞു. പത്രവാർത്തകളിലെ അറിവ് മാത്രമേ ഇക്കാര്യത്തിലുള്ളൂ. കേന്ദ്ര ഏജൻസിയായ ഇ.ഡി അവരുടെ രീതിയിൽ നീങ്ങുന്നു. അതിനെതിരെ മറുപടി പറയേണ്ടതും എതിർ സത്യവാങ്മൂലം നൽകേണ്ടതും ആരോപണം നേരിടുന്നവരാണ്; അവർ അത് ചെയ്തുകൊള്ളും, അതിൽ താൻ എന്തിന് ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എച്ച്. സലാം രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിന്റെ കണക്ക് സുധാകരൻ പരസ്യമാക്കണമെന്നും ആ പണം ഉപയോഗിച്ചാണോ വസ്തുവകകൾ വാങ്ങിയതെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു സലാമിന്റെ ആവശ്യം. സുധാകരനാണ് യഥാർത്ഥ രാഷ്ട്രീയ ക്രിമിനലെന്നും അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ മറവിൽ ഭാര്യയുടെയും മകന്റെയും മരുമകളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്ന് അദ്ദേഹം തുറന്നുപറയണമെന്നും സലാം ആരോപിച്ചിരുന്നു. കൂടാതെ, ഒരു മാധ്യമപ്രവർത്തകനെ കൈയ്യേറ്റം ചെയ്യണമെന്നും ഒരു വനിതയെ ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തണമെന്നും ഡി.വൈ.എഫ്.ഐ ഭാരവാഹികളോട് സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സലാം കുറ്റപ്പെടുത്തിയിരുന്നു.





