തിരുവനന്തപുരം: സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ കത്തിൽ തുടർനടപടികളിലേക്ക് കടന്ന് ആഭ്യന്തര വകുപ്പ്. ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം വിഷയത്തിൽ അഡ്വക്കറ്റ് ജനറലിനോട് ഔദ്യോഗികമായി നിയമോപദേശം തേടി. എ.ജിയുടെ നിയമോപദേശം ലഭ്യമായാലുടൻ റിപ്പോർട്ട് ആഭ്യന്തര മന്ത്രിയുടെ പരിഗണനയ്ക്ക് സമർപ്പിക്കും. ഇടപാടിൽ വിജിലൻസ് തലത്തിലുള്ള അന്വേഷണത്തിനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്; വിഷയത്തിൽ സർക്കാർ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
അതേസമയം, സാമ്പത്തിക ഇടപാടിൽ കൂടുതൽ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ.ഡി. ഹാജരാകാൻ നിർദ്ദേശിച്ച് സ്ഥാപനത്തിലെ ജീവനക്കാരും ഓഡിറ്റർമാരും ഉൾപ്പെടെ ഏഴോളം പേർക്ക് ഏജൻസി സമൻസ് അയച്ചു. കൂടുതൽ വിവരങ്ങളും തെളിവുകളും ശേഖരിച്ച ശേഷം വീണയെ വീണ്ടും വിളിച്ചുവരുത്താനും നീക്കമുണ്ട്. കേസിലെ പ്രഥമ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് വിവരം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ സർക്കാർ സ്വീകരിക്കുന്ന തീരുമാനത്തിന് ശേഷമാകും ഇ.ഡിയുടെ ഭാഗത്തുനിന്നുള്ള തുടർ നീക്കങ്ങൾ.
ചൊവ്വാഴ്ചയാണ് സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാടുകൾ ചൂണ്ടിക്കാട്ടി ഇ.ഡി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വീണ ടി, മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ രൂക്ഷമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. വീണ മുഖേന പിണറായി വിജയൻ 3.28 കോടി രൂപ സി.എം.ആർ.എല്ലിൽ നിന്ന് കൈക്കൂലിയായി വാങ്ങിയെന്നാണ് കത്തിലെ പ്രധാന പരാമർശം. മുഹമ്മദ് റിയാസ്, എക്‌സാലോജിക് എം.ഡിയായ വീണ എന്നിവർക്കെതിരെയും ആരോപണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ലഭിച്ച കൈക്കൂലിപ്പണം വീണ വഴിയും മറ്റ് സുഹൃത്തുക്കൾ വഴിയും റിയാസ് ദുബായിലേക്ക് എത്തിച്ചുവെന്നും, പണം കൈപ്പറ്റുന്നതിനും വിദേശത്തേക്ക് കടത്തുന്നതിനും വീണ തന്റെ പിതാവായ പിണറായി വിജയനെയും ഭർത്താവായ റിയാസിനെയും തുണച്ചുവെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഈ ആവശ്യങ്ങൾക്കായി എക്‌സാലോജിക് സൊല്യൂഷൻസിന്റെ വാഹനം ഉപയോഗിച്ചതായും, സി.എം.ആർ.എൽ എം.ഡി കൈക്കൂലി നൽകിയതിനൊപ്പം മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി. സുരേഷ് കുമാർ സാമ്പത്തിക നീക്കങ്ങൾക്ക് സഹായം നൽകിയതായും ഇ.ഡി ആരോപിക്കുന്നു. കൂടാതെ, കൈക്കൂലി വാങ്ങുന്നതിലും കൈമാറുന്നതിലും വീണയെയും റിയാസിനെയും ഷൈജൽ, പി. നിഖിൽ, ഹസ്സൻ വാരിഷ്, ഫൈസാജ് വി.പി, നന്ദുലാൽ എം എന്നിവർ സഹായിച്ചതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്.





