കോട്ടയം: സി.എം.ആർ.എൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച കണ്ടെത്തലുകളോട് പ്രതികരിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. നിലവിലെ അന്വേഷണ പുരോഗതി വ്യക്തിപരമായ തലത്തിൽ ഏറെ ചാരിതാർത്ഥ്യം നൽകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ തട്ടിപ്പിലെ മുഖ്യ കുറ്റവാളി പിണറായി വിജയനാണെന്നും അദ്ദേഹം പ്രതിസ്ഥാനത്തേക്ക് എത്തിച്ചേരുന്ന സമയം വിദൂരമല്ലെന്നും തുടക്കം മുതൽ താൻ പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കിയതാണെന്ന് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം നിരന്തരം ഉന്നയിച്ചപ്പോൾ തന്നെ നിരവധി ആളുകൾ പരിഹസിക്കുകയും ആക്ഷേപിക്കുകയും താൻ തെറ്റായ വഴിയേയാണ് സഞ്ചരിക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെങ്കിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്ന് മൂന്ന് വർഷങ്ങൾക്ക് മുമ്പേ താൻ ആവശ്യപ്പെട്ടതാണ്. ഈ ആരോപണം വീണ്ടും വീണ്ടും ഉയർന്നുവന്നപ്പോൾ സ്വന്തം പ്രസ്ഥാനത്തോടും പൊതുസമൂഹത്തോടും പച്ചക്കള്ളം പറയുകയാണ് പിണറായി ചെയ്തത്. കഴിഞ്ഞ പത്ത് വർഷം നീണ്ടത് അഴിമതിയുടെ ഭരണമായിരുന്നു. ഈ സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയത് മാത്രമല്ല, വേറെയും കോടികൾ പിണറായി വിജയനും കുടുംബവും സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ അവിഹിതമായി ഉണ്ടാക്കിയ സമ്പത്തിന്റെ ഭൂരിഭാഗവും വിദേശത്താണ് നിക്ഷേപിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിനുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം ഈ അഴിമതികളെ സംരക്ഷിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി വിജയൻ ഇന്നോളം അവകാശപ്പെട്ടതെല്ലാം അസത്യമാണെന്ന് തെളിയിക്കപ്പെട്ട ദിവസമാണിന്ന്. മാസപ്പടി ഇടപാടിലെ നിയമപോരാട്ടം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. ഒടുവിൽ ആ സത്യം പുറത്തുവന്നിരിക്കുന്നു; എത്ര മറച്ചുവെക്കാൻ ശ്രമിച്ചാലും സത്യം മൂടിവെക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ ഇപ്പോൾ നിർബന്ധിതമായിരിക്കുകയാണ്. അഴിമതി നിരോധന നിയമപ്രകാരം തന്നെ കാര്യങ്ങൾ അന്വേഷിക്കണം. സംസ്ഥാന വിജിലൻസ് ഇല്ലെങ്കിൽ കേന്ദ്ര ഏജൻസിയായ സി.ബി.ഐ കേസ് ഏറ്റെടുക്കണം; സുതാര്യമായ അന്വേഷണം നടക്കുകയാണെങ്കിൽ ആവശ്യമായ എല്ലാ തെളിവുകളും കൈമാറാൻ താൻ സന്നദ്ധനാണ്. പിണറായി വിജയനെതിരെ വിജിലൻസ് കേസ് ആവശ്യപ്പെട്ട സമയത്ത് പ്രതികാരമായി തനിക്കെതിരെ പോലീസ് കേസെടുത്തെങ്കിലും, വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കുറ്റപത്രം പോലും സമർപ്പിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തോട്ടപ്പള്ളിയിലെ കരിമണൽ ഖനന കമ്പനിക്ക് വഴിവിട്ട ആനുകൂല്യങ്ങൾ ചെയ്തുകൊടുത്ത വ്യക്തിയാണ് പിണറായി വിജയൻ. അതിനുള്ള പ്രത്യുപകാരമായിട്ടാണ് മകൾ വീണാ വിജയന്റെയും എക്‌സാലോജിക് കമ്പനിയുടെയും പേരിൽ പ്രസ്തുത സ്ഥാപനം തുക നൽകിയത്. ഇതിന്റെ പ്രത്യാഘാതങ്ങൾ അവർ ഇനിയും അനുഭവിക്കാൻ പോകുന്നതേയുള്ളൂ എന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.





