തിരുവനന്തപുരം: സെപ്റ്റംബർ 13, 14, 15 തീയതികളിലായി കോഴിക്കോട്ട് ചേരുന്ന വിപുലീകരിച്ച സംസ്ഥാന സമിതിക്ക് മുന്നിൽ സമർപ്പിക്കാനുള്ള കരട് റിപ്പോർട്ടിൽ നിർണ്ണായക തിരുത്തലുകൾ വരുത്തി സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് മുൻപ് തയ്യാറാക്കിയ രേഖയിലാണ് നേതൃത്വത്തിനെതിരായ വിമർശനങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് മാറ്റങ്ങൾ വരുത്തിയത്. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉയർന്ന ശക്തമായ എതിർപ്പുകളെ തുടർന്നാണ് ഈ തിരുത്തൽ. പുതുക്കിയ അന്തിമ റിപ്പോർട്ടിന് സി.പി.ഐ.എം സംസ്ഥാന സമിതി അംഗീകാരം നൽകി.
വിപുലീകരിച്ച യോഗത്തിൽ അവതരിപ്പിക്കാനായി നേരത്തെ കൊണ്ടുവന്ന റിപ്പോർട്ടിനെതിരെ സംസ്ഥാന സമിതിയിൽ രൂക്ഷമായ അതൃപ്തി ഉയർന്നിരുന്നു. സ്ഥിരം പല്ലവികൾ മാത്രമാണ് രേഖയിലുള്ളതെന്നും നിലവിലെ തിരിച്ചടികളെ മറികടക്കാൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അപര്യാപ്തമാണെന്നുമായിരുന്നു പ്രധാന വിമർശനം. പരമ്പരാഗത പ്രവർത്തനരീതികളിൽ മാറ്റം വരുത്താൻ നേതൃത്വം തയ്യാറാകണമെന്നും റിപ്പോർട്ട് സമഗ്രമല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കരട് രേഖ തിരുത്തിയെഴുതാൻ നേതൃത്വം നിർബന്ധിതമായത്.
മാധ്യമങ്ങളെ ബഹിഷ്കരിക്കുന്ന രീതി ഇനി വേണ്ടെന്നാണ് വിശാല സംസ്ഥാന സമിതിയുടെ കരട് രേഖയിലെ പ്രധാന തീരുമാനം. ദൃശ്യമാധ്യമ ചർച്ചകളിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കരുത്. പാർട്ടി മീഡിയ പാനലിസ്റ്റുകളെ പുനഃസംഘടിപ്പിക്കാനും കരട് ശുപാർശ ചെയ്യുന്നു. ഒപ്പം സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് പ്രത്യേക മാർഗ്ഗരേഖ പാർട്ടി തയ്യാറാക്കും. മുതിർന്ന നേതാക്കൾ നവമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാകണം. ജില്ലാ കമ്മിറ്റികൾക്ക് സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സജ്ജമാക്കണമെന്നും സമകാലിക വിഷയങ്ങളിൽ നേതാക്കൾ കൃത്യമായി പ്രതികരിക്കണമെന്നും നിർദ്ദേശമുണ്ട്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെയുള്ള നേതാക്കൾ സോഷ്യൽ മീഡിയയിൽ ഇടപഴകുന്നത് നിർബന്ധമാക്കും. ചർച്ചകളിൽ നിന്ന് പാർട്ടി പ്രതിനിധികൾ വിട്ടുനിൽക്കുമ്പോൾ പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ പൊതുസമൂഹത്തിൽ വ്യക്തമാക്കാനുള്ള അവസരമാണ് നഷ്ടപ്പെടുന്നതെന്ന് രേഖ വിലയിരുത്തുന്നു. ഏതെങ്കിലും പ്രത്യേക ചാനലുകളെയോ അവതാരകരെയോ സ്ഥിരമായി മാറ്റിനിർത്തുകയോ ബഹിഷ്കരിക്കുകയോ ചെയ്യേണ്ടതില്ലെന്നും രേഖ വ്യക്തമാക്കുന്നുണ്ട്.





