കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ പങ്കെടുത്ത മുജാഹിദ് വിദ്യാർത്ഥി പ്രതിനിധി അബ്ദുള്ള ബാസിലിനെതിരെ പോലീസ് കേസെടുത്ത നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി യൂത്ത് ലീഗ്. ബാസിലിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ. ഫിറോസ് എം.എൽ.എ രംഗത്തെത്തി. വിഷയത്തിൽ ആഭ്യന്തര മന്ത്രിയെ നേരിട്ട് ഫോണിൽ വിളിച്ച് കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വർഗീയത പ്രചരിപ്പിക്കുന്ന നിലപാടുകൾക്ക് ഒരിക്കലും പിന്തുണ നൽകില്ലെന്നും എന്നാൽ സത്യം തുറന്നുപറഞ്ഞവർക്കെതിരെ കേസെടുക്കാൻ അനുവദിക്കില്ലെന്നും എം.എൽ.എ വ്യക്തമാക്കി.
ചാനൽ അവതാരകയുടെ ഭാഗത്തുനിന്നുണ്ടായത് ഇസ്ലാമോഫോബിക് പരാമർശങ്ങളായിരുന്നുവെന്നും, അത് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള തികച്ചും അക്കാദമികമായ മറുപടിയാണ് അബ്ദുള്ള ബാസിൽ നൽകിയതെന്നും ഫിറോസ് പറഞ്ഞു. ഇതിന്റെ പേരിലാണ് ചാനലും അതിലെ റിപ്പോർട്ടർമാരും ചേർന്ന് ഡി.ജി.പിക്ക് പരാതി സമർപ്പിച്ചത്. കഴിഞ്ഞ പത്തു വർഷക്കാലത്തെ ഭരണത്തിൽ കണ്ടതുപോലെ അനാവശ്യമായി കേസുകൾ ചുമത്താൻ ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനവിരുദ്ധമായ അത്തരം കേസുകൾ പിൻവലിപ്പിക്കാൻ കൂടിയാണ് മുസ്ലിം ലീഗ് ഭരണത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്താ ചാനലിൽ കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് സംപ്രേഷണം ചെയ്ത ചർച്ചയാണ് വിവാദങ്ങൾക്ക് കാരണമായത്. ചർച്ചയ്ക്ക് പിന്നാലെ പരിപാടി നയിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ വ്യാപക സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഈ പരാതിയിലാണ് മുജാഹിദ് വിദ്യാർത്ഥി നേതാവിനെതിരെ കൊച്ചി സൈബർ പോലീസ് കേസ് എടുത്തത്.
അവതാരകയുടെ അന്തസ്സിന് ഭംഗം വരുത്തുന്ന തരത്തിൽ ചർച്ചയിലെ വസ്തുതകൾ വളച്ചൊടിച്ചുവെന്നും, ദൃശ്യങ്ങളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനും പ്രേരണ നൽകിയെന്നും, സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിച്ച് അവരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്നുമാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 192, 351(1), 353, 3(5) വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67-ാം വകുപ്പും ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ചർച്ചയുടെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അബ്ദുള്ള ബാസിൽ, അവതാരക മുസ്ലിം വിരുദ്ധ നിലപാടാണ് എടുത്തതെന്ന് ആരോപിക്കുകയായിരുന്നു. ഈ പോസ്റ്റ് പുറത്തുവന്നതോടെ തനിക്കെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളും വധഭീഷണികളും ഉണ്ടായെന്ന് അവതാരക പോലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ താൻ മാപ്പ് പറഞ്ഞിട്ടും സൈബർ അധിക്ഷേപങ്ങൾ തുടർന്നു എന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്.





