തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിയമാനുസൃത അധികാരങ്ങളിലും അവകാശങ്ങളിലും ഭരണകൂടം കൈകടത്തില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. എന്നാൽ തീർത്ഥാടകരുടെ ദർശനസൗകര്യങ്ങൾ സുഗമമാക്കാൻ സാധിച്ചില്ലെങ്കിൽ സർക്കാർ വിഷയത്തിൽ നേരിട്ട് ഇടപെടും. തൽക്കാലം പ്രത്യേക നിയമനിർമ്മാണങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കിലും ഭാവിയിൽ നിയമനിർമ്മാണം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡല-മകരവിളക്ക് കാലത്തെ തീർത്ഥാടനം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്; കാര്യങ്ങൾ ഭംഗിയായി നടക്കണമെന്ന കാര്യത്തിൽ സർക്കാരിന് നിർബന്ധമുണ്ട്.
ദർശനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ചകളുണ്ടായാൽ പൊതുജനങ്ങൾ ദേവസ്വം ബോർഡിനെയല്ല, മറിച്ച് സർക്കാരിനെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വരുംദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ സമഗ്രമായ അവലോകനയോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. രമ്യാ ഹരിദാസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. അവർ നിയമസഭയിൽ അപേക്ഷ സമർപ്പിച്ചതിനെക്കുറിച്ച് തനിക്കറിയില്ലെന്നും എന്നാൽ പാർട്ടി അച്ചടക്കനടപടി കൈക്കൊണ്ടാൽ അതിനുമുകളിൽ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരോ എം.പിമാരോ എം.എൽ.എമാരോ ആരായാലും പാർട്ടിയുടെ ചട്ടക്കൂടുകൾക്ക് വിധേയരായി പ്രവർത്തിക്കേണ്ടവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇതോടൊപ്പം, കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. വിഷയത്തിലെ അന്വേഷണ റിപ്പോർട്ട് ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കൂ എന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത സൂചി മെഡിക്കൽ കോളേജിന്റേതല്ലെന്ന വാദത്തിൽ എത്രത്തോളം കഴമ്പുണ്ടെന്ന് റിപ്പോർട്ട് പരിശോധിച്ചാലേ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





