കോഴിക്കോട്: ചാനൽ ചർച്ചയിൽ പങ്കെടുത്തതിന്റെ പേരിൽ മുജാഹിദ് വിദ്യാർത്ഥി നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ കടുത്ത അമർഷവുമായി എം.എസ്.എഫ്. മുൻപ് പിണറായി ഭരണകാലത്തുണ്ടായിരുന്ന തെറ്റായ മനോഭാവവും പെരുമാറ്റരീതികളും വീണ്ടും ആവർത്തിക്കലല്ല പോലീസിന്റെ കർത്തവ്യമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഫർഹാൻ ബിയ്യാം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.
നാട്ടിൽ കാലവും ഭരണവും മാറിയെന്ന വസ്തുത വിസ്മരിച്ച് പഴയ ചിന്താഗതിയോടെ പോലീസ് പ്രവർത്തിക്കാൻ പാടില്ല. ചർച്ചയുടെ വീഡിയോ പരിശോധിച്ചാൽ തന്നെ ആരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയും അബ്ദുള്ള ബാസിലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ആർക്കും മനസ്സിലാകും. ചാനൽ സംവാദങ്ങളിൽ തങ്ങളുടെ സംഘടനയുടെയും വ്യക്തികളുടെയും കാഴ്ച്ചപ്പാടുകൾ വ്യക്തമാക്കുക എന്നത് അത്തരം ചർച്ചകളിൽ പങ്കെടുക്കുന്ന വക്താക്കളുടെ പ്രാഥമിക കടമയാണ്. അതിനാൽ ബാസിലിനെതിരെ ചുമത്തിയിട്ടുള്ള കടുത്ത വകുപ്പുകളും കേസും അടിയന്തരമായി റദ്ദാക്കാൻ ആഭ്യന്തര വകുപ്പും പോലീസും തയ്യാറാകണമെന്ന് ഫർഹാൻ ആവശ്യപ്പെട്ടു.
അബ്ദുള്ള ബാസിലിനെതിരെയുള്ള പോലീസ് കേസിനെതിരെ രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെ, ബാസിലിന്റെ പേരിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ തുടർനടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. സീറോ എഫ്.ഐ.ആർ റദ്ദാക്കാനും വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കരുതെന്നുമാണ് ആഭ്യന്തര മന്ത്രി നൽകിയ നിർദ്ദേശം. ഇതോടൊപ്പം, വിവാദ യൂട്യൂബർ ആരിഫ് ഹുസൈനെതിരെ സമഗ്രമായ അന്വേഷണം നടത്തി കർശന നടപടി കൈക്കൊള്ളാനും ആഭ്യന്തര മന്ത്രി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.





