കോഴിക്കോട്: ചലച്ചിത്ര മേഖലയ്ക്ക് വ്യവസായ പദവി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് സർക്കാർ കടന്നതായി സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. രാജ്യത്ത് തന്നെ ആദ്യമായി സിനിമയ്ക്ക് വ്യവസായ പദവി നൽകുന്ന സംസ്ഥാനമായി കേരളം മാറുമെന്നും, ഇതിനാവശ്യമായ വിശദമായ പഠനം സർക്കാർ ഇതിനകം ആരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് പുതിയ ചെയർമാനെ ഉടൻ നിയമിക്കും. ചുമതലകൾ നിർവ്വഹിക്കാൻ സമയം കണ്ടെത്താനാകാത്ത പ്രമുഖ വ്യക്തികളെ അക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കില്ലെന്നും, അക്കാദമികളിൽ ഉദ്യോഗസ്ഥ മേധാവിത്വം അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സിനിമയ്ക്ക് വ്യവസായ പദവി ലഭിക്കുന്നതോടെ സംസ്ഥാന ബജറ്റിൽ വ്യാവസായിക വികസനത്തിനായി നീക്കിവെക്കുന്ന ഫണ്ട് സിനിമയ്ക്കായും വിനിയോഗിക്കാൻ സാധിക്കും. സിനിമാ തിയറ്ററുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തീയറ്റർ സംരംഭങ്ങളുമായി മുന്നോട്ടുവരുന്നവർക്ക് പൂർണ്ണ പിന്തുണ ഉറപ്പാക്കുകയെന്നതും സുപ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാദമി ഭാരവാഹികളുടെ നിയമനം ഉടൻ പൂർത്തിയാക്കും; ഭരണസമിതി രൂപീകരണം നിലവിൽത്തന്നെ വൈകിയിട്ടുണ്ട്. യോഗ്യരായ ആളുകളുടെ എണ്ണം കൂടുതലായതാണ് തീരുമാനമെടുക്കാൻ കാലതാമസമുണ്ടാക്കിയത്. സാംസ്കാരിക വകുപ്പ് ചെയ്യേണ്ട എല്ലാ നടപടികളും പൂർത്തിയായിക്കഴിഞ്ഞെന്നും ഉടൻതന്നെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു.
പ്രവർത്തനമികവ് മാത്രമായിരിക്കും അക്കാദമി നിയമനങ്ങളിലെ പ്രധാന മാനദണ്ഡം. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യത്തിന് സമയം വിനിയോഗിക്കാൻ സാധിക്കുന്ന അനുഭവസമ്പന്നരെയാണ് നിയോഗിക്കുക. അക്കാദമികളിൽ ഉദ്യോഗസ്ഥ ഭരണം പാടില്ലെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകി. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കും. കേവലം ചലച്ചിത്രമേളകൾ സംഘടിപ്പിക്കുന്നതിലോ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിലോ മാത്രം അക്കാദമിയുടെ പ്രവർത്തനങ്ങൾ ഒതുങ്ങരുത്; സമൂഹത്തിൽ മികച്ച സിനിമാ സാക്ഷരത സൃഷ്ടിച്ചെടുക്കാനും അക്കാദമിക്ക് കഴിയണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.





