തൃശൂർ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ശോഭായാത്ര കടന്നുപോകുന്നതിനിടെ യുവാവിനെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി. തൃശൂർ അടാട്ട് സ്വദേശിയായ അരുൺ ബാലനാണ് ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരുടെ കൂട്ടായ ആക്രമണത്തിന് ഇരയായത്. ശോഭായാത്ര പുരോഗമിക്കുന്ന വേളയിൽ റോഡിന്റെ വശത്തുകൂടി സ്കൂട്ടർ ഓടിച്ചുപോയതിനാണ് ഒരു സംഘം ആളുകൾ യുവാവിനെ വളഞ്ഞുനിന്ന് മർദ്ദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരായ മഹേഷ്, വിജിത്ത്, അഭിലാഷ്, രാകേഷ്, മണികണ്ഠൻ, രാജു, അപ്പു എന്നീ ഏഴ് പേർക്കെതിരെ പേരാമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
അതേസമയം, ആക്രമണത്തിന് ഇരയായ അരുൺ ബാലനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കുമെതിരെ ബി.ജെ.പി പ്രവർത്തകരും പോലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അരുൺ ബാലൻ, നിഖിൽ, രാഹുൽ എന്നീ മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.





